nilakkal
നിലയ്ക്കലിൽ തീർത്ഥാടകരുടെ വാഹനങ്ങൾക്കു സമീപം തീർത്ഥാടക വേഷത്തിൽ കച്ചവടം ചെയ്യുന്നയാൾ

പമ്പ : നിലയ്ക്കൽ ബേസ് ക്യാമ്പിൽ തീർത്ഥാടകർക്ക് ഭീഷണിയായി മോഷ്ടാക്കളും. വഴിയോര കച്ചവടക്കാർ എന്ന വ്യാജേന എത്തുന്നവർ മോഷണം നടത്തുന്നതായാണ് പരാതി. നിലയ്ക്കൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും പാർക്കിംഗ് ഗ്രൗണ്ടുകളിലും കറങ്ങിനടന്നാണ് മോഷണം. കുപ്പിവെള്ളം, പൊരി, പൈനാപ്പിൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്നവരുടെ കൂട്ടത്തിൽ മോഷ്ടാക്കളും കടന്നു കൂടിയതായി സംശയിക്കുന്നു.
തീർത്ഥാടകർ നിലയ്ക്കൽ ബേസ് ക്യാമ്പിൽ വാഹനങ്ങൾ പാർക്കു ചെയ്ത ശേഷം കെ.എസ്.ആർ.ടി.സി ബസുകളിലാണ് പമ്പയിലേക്ക് യാത്രചെയ്യുന്നത്. ഇവരെ ആശ്രയിച്ച് ആദിവാസികൾ ഉടപ്പടെയുള്ള പ്രദേശവാസികൾ ചെറുകിട കച്ചവടം നടത്തുന്നുണ്ട്. ഇതിന്റെ മറവിലാണ് മോഷ്ടാക്കളും വിലസുന്നത്.
ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങുന്ന തീർത്ഥാടകർ ക്ഷീണിതരായിരിക്കും. കൂടാതെ വീടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലുമാകാം. ഇങ്ങനെയുള്ളവരുടെ ഇടയിലേക്ക് കച്ചവടക്കാരായി കടന്നുചെന്നാണ് മോഷണം നടത്തുന്നത്. നിലയ്ക്കൽ വിട്ടശേഷമാണ് മിക്കവരും മോഷണവിവരം അറിയുന്നത്. ഇതുകൊണ്ടുതന്നെ പൊലീസിൽ പരാതി നൽകാനും കഴിയുന്നില്ല.

അനധികൃത കച്ചവടക്കാരെ കണ്ടെത്താൻ പൊലീസോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ യാതൊരു പരിശോധനയും നടത്തുന്നില്ല.

സന്തോഷ്, വ്യാപാരി

നിലയ്ക്കലിൽ അനധികൃത കച്ചവടവും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപ്പനയും ഹൈക്കോടതി കർശനമായി നിരോധിച്ചിട്ടുണ്ട്. ആദിവാസികളെ മറയാക്കിയാണ് ഇവിടെ പുറത്തുനിന്നുള്ളവർ കച്ചവടം നടത്തുന്നത്. ആദിവാസികൾക്ക് കച്ചവടം ചെയ്യുന്നതിന് പ്രത്യേക സ്ഥലം അനുവദിച്ചശേഷം മറ്റുള്ളവരെ കർശനമായി ഒഴുപ്പിക്കും. വഴിയോര കച്ചവടക്കാർക്കിടയിൽ മോഷ്ടാക്കളോ ക്രിമിനലുകളോ ഉണ്ടെങ്കിൽ പൊലീസാണ് നടപടി സ്വീകരിക്കേണ്ടത്.

അഡ്വ.എ.അജികുമാർ
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം