 
മലപ്പള്ളി : തെള്ളിയൂർക്കാവ് പടയണിയിൽ ആദ്യ ഭൈരവിയിലേറി ഭഗവതി കളത്തിൽ എത്തുമ്പോൾ ചൂട്ടുകറ്റകൾ എരിഞ്ഞുകത്തി. ചെണ്ടയും കൈമണിയും ഗണപതി,പടിവെട്ടം താളമിട്ടു.തപ്പിൽ ഒറ്റയുടെ താളം മുറുകി, സ്ത്രീജനങ്ങൾ എഴുന്നേറ്റ് നിന്ന് വായ്കുരവയിട്ടു. പുരുഷാരം പൂക്കൾ വിതറി കൈ കൂപ്പി.
കുതിരയും പഠാണിയും കുതിരയുടെ വില പറഞ്ഞു മടങ്ങിയതോടെ അന്തര യക്ഷികളും മറുതയും കളത്തിലെത്തി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വഴിപാട് കോലങ്ങളാണ്എത്തുന്നത്. ഇതിൽ കാലൻ കോലം, കാലേക്ഷി കോലം എന്നിവയാണ് പ്രധാനം. 25നാണ് വലിയ പടയണി.അന്ന് ഇരു ദേവതമാരും ജീവിതകളിൽ പടയണി കാണാൻ കളത്തിലേക്ക് എഴുന്നെള്ളും. 26ന് പുലർച്ചെ മംഗള ഭൈരവി തുള്ളി ഒഴിയുന്നതോടെ പടയണിക്ക് സമാപനമാകും. വൈകിട്ട് 41-ാം കളമെഴുതി പാടി പാട്ടമ്പലം നട അടക്കും.