ചെങ്ങന്നൂർ: എം.സി റോഡുൾപ്പെടെ കെ.എസ്ടി.പി പണിത അഞ്ച് റോഡുകളിലെ കേടായ സൗരോർജവിളക്കുകൾ മാറ്റിസ്ഥാപിക്കുന്നതിൽനിന്ന് കെ.എസ്ടി.പി പിന്മാറിയത് വിളക്കുകളുടെ പൂർണനാശത്തിലേക്ക് വഴിവയ്ക്കുന്നു. കേടായ വിളക്കുകൾ മാറ്റുന്നതിന് അനർട്ട് പദ്ധതി തയാറാക്കിയിരുന്നു. തുടർന്ന് 1812 വിളക്കുകൾ തകരാറിലാണെന്ന് 2022 മാർച്ചിൽ റിപ്പോർട്ടുകൊടുത്തു. ഇവയുടെ അറ്റകുറ്റപ്പണിക്ക് 9.40.കോടി രൂപ ചെലവാകുമെന്നു കണക്കാക്കി. എന്നാൽ ഈ തുക അധികമാണെന്നു ചൂണ്ടിക്കാട്ടി കെ.എസ്ടി.പി പിന്മാറി. തുടർന്ന് കെ.എസ്ഇബി പഠനം നടത്തി. നിലവിൽ സൗരപാനലിലെ ബാറ്ററി വഴി പ്രവർത്തിക്കുന്ന ലൈറ്റുകൾ പൂർണമായും എൽ.ഇ.ഡിയിലേക്കു മാറണമെന്നാണു നിർദേശിച്ചത്. മീറ്റർവച്ച് വൈദ്യുതി കണക്ഷൻ കൊടുക്കണം. എന്നാൽ, വൈദ്യുതിച്ചാർജ് ആര് അടയ്ക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായില്ല. ചെങ്ങന്നൂർ മുതൽ കോട്ടയം ഐഡ ഹോട്ടൽ വരെ ദേശീയ പാത ഏറ്റെടുത്ത എം.സി റോഡിൽ കേടായ സൗരോർജ വിളക്കുകൾക്കു പകരം എൽ.ഇ.ഡി വിളക്കുകളാണു സ്ഥാപിക്കുന്നത്. ഇതിന്റെ വൈദ്യുതിച്ചെലവ് ദ്ദേശസ്ഥാപനങ്ങളെക്കൊണ്ട് അടപ്പിക്കാനാണ് നീക്കം. എന്നാൽ, തദ്ദേശസ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ തീരുമാനമുണ്ടാകണമെന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാർ പറയുന്നത്. എന്നാൽ സൗരവിളക്കുകൾ കൂട്ടത്തോടെ കേടായപ്പോൾ കാലാവസ്ഥയെ പഴിക്കുകയാണ് കെ.സ്ടിപി. ഇത്തരം വിളക്കുകൾ ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

മുൻപ് വിളക്കുകൾ സ്ഥാപിച്ചത് ഏജൻസി വഴി

വഴിവിളക്കുകളെ സൗരോർജ പാനലുമായി ബന്ധിപ്പിച്ചിരുന്ന ബാറ്ററികൾ സൂക്ഷിച്ചിരുന്ന ഇരുമ്പുപെട്ടികൾ വെള്ളമിറങ്ങി ദ്രവിച്ച് താഴേക്കുവീഴാൻ തുടങ്ങിയതോടെയാണ് വിളക്കുകളണഞ്ഞത്. റോഡുനവീകരണപദ്ധതിയുടെ ഭാഗമായി ഏജൻസി വഴിയാണ് ഇവ സ്ഥാപിച്ചത്. തുടർച്ചയായി 36 മണിക്കൂർ കത്താനുള്ള സംഭരണശേഷി വിളക്കിനുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. രാവിലെ സൂര്യപ്രകാശം പതിക്കുന്നതോടെ ഇവ സ്വയം അണയുമെന്നു പറഞ്ഞിരുന്നു. എന്നാൽ, സ്ഥാപിച്ച് രണ്ടുവർഷം കഴിഞ്ഞപ്പോൾ മുതൽ ഈ അവകാശവാദങ്ങളെല്ലാം പൊളിഞ്ഞു. ലോകബാങ്കിൽനിന്നു വായ്പയെടുത്താണ് എം.സി റോഡ് നവീകരണപദ്ധതി നടപ്പാക്കിയത്.

..................

5 റോഡുകളിൽ സൗരോ‌ർജ വിളക്കുകൾ