ശബരിമല: നൂറ്റിയൊന്നാം വയസിലും ചുറുചുറുക്കോടെ ശബരിമലയിലെത്തി അയ്യനെ തൊഴുത്
പാറുക്കുട്ടിയമ്മ. വയനാട് മീനങ്ങാടി മൂന്നാനക്കുഴി പാറുക്കുട്ടിയമ്മ രണ്ടാം തവണയാണ് ശബരിമലയിലെത്തുന്നത്. കഴിഞ്ഞതവണ മലചവിട്ടിയെത്തി. ഇക്കുറി ഡോളിയിലാണ് നടപ്പന്തൽ വരെ എത്തിയത്. മല നടന്നുകയറാൻ തയ്യാറായിരുന്നെങ്കിലും ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഡോളിയുടെ സേവനം തേടിയത്. കൊച്ചുമകൻ ഗിരീഷ്‌കുമാർ, ഗിരീഷിന്റെ മക്കളായ അമൃതേഷ്, അവന്തിക എന്നിവർ ഒപ്പമുണ്ടായിരുന്നു.
ദേവസ്വം ബോർഡ് ജീവനക്കാരും ഫയർഫോഴ്സും പൊലീസും ദർശനസൗകര്യമൊരുക്കി. വീടിന് സമീപത്തെ ക്ഷേത്രത്തിൽ നിന്ന് 21ന് കെട്ടുനിറച്ച് ആദ്യദിനം തൃപ്രയാർക്ഷേത്രത്തിലും 22ന് പമ്പാ ഗസ്റ്റ്ഹൗസിലും വിശ്രമിച്ചു. ഇന്നലെ രാവിലെ 6.30ന് മലകയറി 9 മണിയോടെ നടപ്പന്തലിലെത്തി. ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത് പൊന്നാട അണിയിച്ച് ആദരിച്ചു. തന്ത്രിയെയും സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരെയും സന്ദർശിച്ച് അനുഗ്രഹം വാങ്ങി.
അടുത്തവർഷവും ശബരിമലയിലെത്തണമെന്ന പ്രാർത്ഥനയോടെയാണ് മലയിറങ്ങിയത്. ഡോളിയിൽ തന്നെയാണ് തിരിച്ചിറങ്ങിയതും.
നൂറ്റിയൊന്നാം വയസിലും പാറുക്കുട്ടിയമ്മയ്ക്ക് കാഴ്ചയ്ക്കും കേൾവിക്കും തകരാറില്ല. വീട്ടുജോലികളും ചെയ്യും. വീട്ടിൽ വാഷിംഗ് മെഷീൻ ഉണ്ടെങ്കിലും തന്റെ വസ്ത്രങ്ങൾ സ്വയം കഴുകണമെന്നത് നിർബന്ധമാണ്. മൂന്ന് മക്കളും 9 കൊച്ചുമക്കളും 9 പേരക്കുട്ടികളുമായി മൂന്ന് തലമുറയുടെ നാഥയാണ് പാറുക്കുട്ടി. കൊച്ചു മക്കളിൽ എട്ടുപേർ വിവാഹിതരാണ്.