
ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്ത് ഭക്തിനിർഭരമായി. പുലിവാഹനമേറിയ മണികണ്ഠനും ദേവതാരൂപങ്ങളും അണിനിന്ന ഘോഷയാത്ര തീർത്ഥാടകർക്ക് വേറിട്ട കാഴ്ചയൊരുക്കി. സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിക്ക് അഗ്നി പകർന്നു. തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്‌ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു.
വർണക്കാവടിയും മയിലാട്ടവും വിളക്കാട്ടവും കർപ്പൂരാഴി ഘോഷാത്രയ്ക്ക് മിഴിവേകി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് അംഗം എ. അജികുമാർ, സ്‌പെഷൽ ഓഫീസർ ബി.കൃഷ്ണകുമാർ, ജി.എസ്.ഒ ഉമേഷ് ഗോയൽ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു.വി.നാഥ് എന്നിവർ പങ്കെടുത്തു.