karnataka-

റാന്നി : തീർത്ഥാടനം ജീവിതയാത്രയാക്കിയ കാളക്കുട്ടി ബഡാബാനു ശബരിമല ദർശനത്തിനായി മലചവിട്ടാനൊരുങ്ങുകയാണ്. ബാംഗ്ലൂർ ദൊഡ്ഡബല്ലാപുര സ്വദേശികളായ തീർത്ഥാടക സംഘത്തിനൊപ്പം ബഡാബാനു ഇന്നലെ പൂങ്കാവനത്തിലെത്തി. അയോദ്ധ്യ രാമക്ഷേത്രം, നേപ്പാൾ, കാശി, ഉഡുപ്പി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ ഈ സംഘത്തിനൊപ്പം കാളക്കുട്ടി ദർശനം നടത്തിയിട്ടുണ്ട്. സന്നിധാനത്ത് ദർശനം അനുവദിക്കുമെങ്കിൽ ബഡാബാനു മലകയറും. തീർത്ഥാടകർക്കൊപ്പം കാരവാനിലാണ് ബഡാബാനുവിന്റെ യാത്ര. രണ്ടു വയസുള്ള കാളക്കുട്ടിക്ക് നിൽക്കാനും കിടക്കാനും കാരവാനിന്റെ പിന്നിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനു മുന്നിലായി രണ്ടു നിരകളിലായാണ് തീർത്ഥാടകർക്ക് ഇരിക്കാൻ സൗകര്യമുള്ളത്. കുട്ടികൾ ഉൾപ്പടെ 12 പേരടങ്ങുന്ന സംഘത്തിൽ വാസുദേവ ചാരുവാണു പെരിയസ്വാമി. ഇവർ വിശ്രമിക്കാനിറങ്ങുന്ന സ്ഥലങ്ങളിൽ കാളക്കുട്ടിയെയും ഇറക്കി ഭക്ഷണം തയാറാക്കി നൽകും. ഇന്നലെ ഉച്ചയോടെ അത്തിക്കയം അറയ്ക്കാമണ്ണിൽ പമ്പാതീരത്തെ ഇടത്താവളത്തിൽ ബഡാബാനുവിന്റെ സംഘമെത്തി. തീർത്ഥാടകർക്കൊപ്പം കാളക്കുട്ടിയേയും കണ്ടതോടെ നാട്ടുകാർക്കും കൗതുകമായി. ചിത്രങ്ങൾ പകർത്താനും വിവരങ്ങൾ അറിയാനുമായി നിരവധിയാളുകളാണ് എത്തിയത്.