project
തിരുമൂലപുരം ജംഗ്‌ഷന് സമീപം സ്ഥാപിച്ച ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം അടച്ചുപൂട്ടിയ നിലയിൽ

തിരുവല്ല : എം.സി റോഡരുകിലായി വഴിയാത്രക്കാർക്ക് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയോടെ തിരുമൂലപുരം ജംഗ്‌ഷനിൽ സ്ഥാപിച്ച ടേക്ക് എ ബ്രേക്ക് പ്രവർത്തനം പാളി. തിരുവല്ല നഗരസഭയുടെ 2020-21ലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രവും പൊതുടോയ്ലെറ്റുമാണ് ഉദ്ഘാടനം കഴിഞ്ഞു മൂന്നുവർഷം പിന്നിട്ടിട്ടും ഇതുവരെയും തുറന്നു പ്രവർത്തിക്കാത്തത്. നഗരസഭ 16.70ലക്ഷം ചെലവഴിച്ചു നിർമ്മിച്ച കെട്ടിടവും സൗകര്യങ്ങളും ഉപയോഗപ്പെടാതെ നശിക്കുകയാണെന്ന പരാതി ശക്തമാണ്. 2021സെപ്റ്റംബർ 20നാണ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി അന്നത്തെ നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തത്. പുരുഷൻമാർക്കും സ്ത്രീകൾക്കും വികലാംഗർക്കും പ്രത്യേകം ബാത്ത്‌റൂം, ഫീഡിംഡ് റൂം, കൂടാതെ വിശ്രമിക്കാനുള്ള സൗകര്യം എന്നിവ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. വെള്ളവും വൈദ്യുതിയുമെല്ലാം സജ്ജമാണ്. ഇതോടനുബന്ധിച്ച് കുടുംബശ്രീയുടെ കോഫീ ഷോപ്പ് ആരംഭിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ പരിപാലനവും പ്രവർത്തനവും സംബന്ധിച്ച ബൈലോ തയാറാക്കി കൗൺസിൽ യോഗത്തിന്റെ അനുമതിയോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് നഗരസഭാ അധികൃതർ പ്രഖ്യാപനം നടത്തിയെങ്കിലും എല്ലാം വെറുതെയായി. ഇതിന്റെ പ്രവർത്തന ചുമതല കുടുംബശ്രീക്ക് നൽകാനുള്ള നടപടികളും ഫലം കണ്ടില്ല.

പൊതുടോയ്ലെറ്റില്ലാതെ തിരുമൂലപുരം


തിരുമൂലപുരം ജംഗ്‌ഷനിൽ മുനിസിപ്പാലിറ്റിയുടെ ഷോപ്പിംഗ് കോംപ്ലക്സ്, സ്‌കൂളുകൾ, വായനശാല എന്നിവ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും മറ്റു പൊതുസൗകര്യങ്ങൾ ഇവിടെയില്ല. കഴിഞ്ഞമാസം ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ജില്ലാ സ്‌കൂൾ കലോത്സവം ഉൾപ്പെടെ തിരുമൂലപുരത്ത് നടന്നപ്പോഴും ടോയ്ലെറ്റ് ഉൾപ്പെടെ തുറന്നുകൊടുക്കാതെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രവും ടോയ്ലെറ്റും പൊതുജങ്ങൾക്ക് തുറന്നുകൊടുത്ത് സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

.................................

ടേക്ക് എ ബ്രേക്ക് നടത്തിപ്പിന് സെക്യൂരിറ്റി തുക അടച്ച് കരാർ ഏറ്റെടുക്കാൻ ആരും തയാറായില്ല. വൃത്തിയോടെ പരിപാലിച്ച് പ്രവർത്തനം ഏറ്റെടുക്കുന്നത് ലാഭകരമാകില്ലെന്നും പ്രചാരണമുണ്ട്. പലതവണ ശ്രമിച്ചിട്ടും കുടുംബശ്രീ പ്രവർത്തകർ പണം അടച്ച് പദ്ധതി ഏറ്റെടുക്കാൻ തയാറായിട്ടില്ല.
ലെജു എം.സഖറിയ

(തിരുവല്ല മുൻസിപ്പൽ
കൗൺസിലർ)

......................

16.70ലക്ഷം ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം

ഉദ്ഘാടനം നടത്തിയിട്ട് 3വർഷം