തിരുവല്ല: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് ഉത്സവത്തോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്ര നാളെ നടക്കും. ഉച്ചകഴിഞ്ഞ് 3ന് ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കാവുംഭാഗം തിരുഏറങ്കാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. മണിപ്പുഴ, പൊടിയാടി, വൈക്കത്തില്ലം, നെടുമ്പ്രം, നീരേറ്റുപുറം ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകും. ചക്കുളത്തമ്മയ്ക്ക് ചാർത്താനുള്ള തങ്ക തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര രാത്രി 9ന് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും. ക്ഷേത്ര മുഖ്യകാര്യദർശി രാധാക്യഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ 9.30ന് മംഗളരതി സമർപ്പണവും തുടർന്ന് തിരുവാഭരണം ചാർത്തി സർവമംഗളാരതി ദീപാരാധന നടക്കും.