
പന്തളം: ജനുവരി 12ന് പന്തളത്തുനിന്ന് ശബരിമലയിലേക്ക് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയിൽ തൃക്കേട്ടനാൾ രാജരാജ വർമ പന്തളം വലിയതമ്പുരാന്റെ പ്രതിനിധിയാകുമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ അറിയിച്ചു . വലിയതമ്പുരാൻ തിരുവോണം നാൾ രാമവർമ രാജയുടെ നിർദ്ദേശപ്രകാരം കൊട്ടാരം നിർവാഹക സംഘമാണ് രാജപ്രതിനിധിയെ നിശ്ചയിച്ചത്. ജനുവരി 12ന് പന്തളത്തുനിന്ന് പുറപ്പെടുന്ന ഘോഷയാത്രയെ നയിക്കുന്നത് രാജപ്രതിനിധിയാണ്.
പന്തളം ഊട്ടുപുര കൊട്ടാരത്തിൽ പരേതയായ മാലതി തമ്പുരാട്ടിയുടേയും തൃശൂർ പുത്തൻചിറ താന്നിയിൽ മതിയത്ത് ഇല്ലത്ത് പരേതനായ രാമൻ നമ്പൂതിരിയുടേയും മകനാണ് . പ്രീമിയർ കേബിൾസ്, പാറ്റ് സ്പിൻ, എറണാകുളം ലക്ഷ്മീ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ജോലിചെയ്തു. ആകാശവാണിക്കുവേണ്ടി ലളിത ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ദൂരദർശനിൽ വിവിധ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. എറണാകുളം വാര്യം റോഡിൽ മംഗള ലെയിൻ കമാസിലാണ് താമസം. വൈക്കം കോട്ടുശേരി കോവിലകത്ത് സുഷമ വർമയാണ് ഭാര്യ. മക്കൾ- രമ്യ ആർ.വർമ, സുജിത് ആർ.വർമ മരുമകൻ- അഭിലാഷ് ജി.രാജ പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി സുരേഷ് വർമ സഹോദരനും, സുലോചന തമ്പുരാട്ടി, സരള തമ്പുരാട്ടി, സുനന്ദ തമ്പുരാട്ടി, സുമതിമ്പുരാട്ടി എന്നിവർ സഹോദരിമാരുമാണ്.
വാർത്താ സമ്മേളനത്തിൽ കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി എം. ആർ.സുരേഷ് വർമ, മുൻ സെക്രട്ടറി പി.എൻ. നാരായണ വർമ, ട്രഷറർ ദീപാവർമ എന്നിവർ പങ്കെടുത്തു.