
ശബരിമല: ശരണമന്ത്രങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി നടന്ന മണ്ഡല പൂജയോടെ ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി. ഇന്നലെ ഉച്ചയ്ക്ക് 12നും 12.30നും മദ്ധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു മണ്ഡലപൂജ.
തന്ത്രി കണ്ഠരര് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്മദത്തന്റെയും മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ പഞ്ചപുണ്യാഹം നടത്തി ദേവഗണങ്ങളെയും മലദേവതകളെയും പാണികൊട്ടി ഉണർത്തി. തുടർന്ന് ഇരുപത്തിയഞ്ച് കലശവും കളഭാഭിഷേകവും നടത്തി. ശ്രീകോവിലിലും ഉപദേവതകൾക്കും നിവേദ്യം സമർപ്പിച്ചു. ഭൂതഗണങ്ങൾക്ക് ഹവിസ് തൂകി.
കലശപൂജയ്ക്കും കളഭാഭിഷേകത്തിനും ശേഷം നടഅടച്ച് മണ്ഡലപൂജ ആരംഭിച്ചു. തുടർന്ന് നടതുറന്ന് ഭക്തർക്ക് ദർശനം നൽകി. വൈകിട്ട് ദീപാരാധനയ്ക്കുശേഷം വിഗ്രഹത്തിൽ നിന്ന് തങ്ക അങ്കി മാറ്റി. അത്താഴപൂജയ്ക്കുശേഷം അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിലാക്കി നട അടച്ചു.
ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.കൃഷ്ണകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ.അജികുമാർ, ജി.സുന്ദരേശൻ, എ.ഡി.ജി.പി എസ്.ശ്രീജിത്ത്, എ.ഡി.എം അരുൺ.എസ്.നായർ, സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി.കൃഷ്ണകുമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവർ പങ്കെടുത്തു. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. 20ന് നട അടയ്ക്കും.
ദർശനം നടത്തിയത് 32.70 ലക്ഷം ഭക്തർ
മണ്ഡല തീർത്ഥാടനകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 32.70 ലക്ഷം ഭക്തർ. ഇന്നലെ വൈകിട്ടുവരെയുള്ള കണക്കാണിത്. കഴിഞ്ഞ 25വരെ എത്തിയത് 32,49,756 പേർ. മുൻവർഷത്തെക്കാൾ 4,07,309 പേരുടെ വർദ്ധന. സ്പോട്ട് ബുക്കിംഗിലൂടെ 5,66,571 പേർ ദർശനം നടത്തി.
മണ്ഡലപൂജയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഭാഗമായി ഡിസംബർ 25, 26 തീയതികളിൽ സ്പോട്ട് ബുക്കിംഗ് 5000 ആയി പരിമിതപ്പെടുത്തിയിരുന്നെങ്കിലും 15000ത്തോളംപേർ ദർശനം നടത്തി. പ്രത്യേകം രജിസ്റ്ററിൽ പേരുവിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം കൂടുതൽപേരെ മലചവിട്ടാൻ അനുവദിച്ചതു മൂലമാണിത്. ഇതുവഴി പമ്പയിൽ എത്തിയ എല്ലാ തീർത്ഥാടകർക്കും ദർശനം സാദ്ധ്യമാക്കി.
തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിയ 25ന് 62,877 പേരാണ് ദർശനത്തിനെത്തിയത്. ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് പുല്ലുമേടു വഴി ദർശനത്തിനെത്തിയത് 74,764 പേരാണ്. കഴിഞ്ഞവർഷം ഈ കാലയളവിൽ എത്തിയത് 69,250 പേർ.