 
മല്ലപ്പള്ളി : വലിയ പാലത്തിന്റെ തൂണിൽ കാടും ആൽമരവും വളരുന്നത് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് ആശങ്ക. ടൗണിനോട് ചേർന്നുള്ള തൂണിലാണ് ആൽമരം വളരുന്നത്. മരത്തിന്റെ വേരുകൾ തൂണുകളിലാകമാനം വ്യാപിച്ചിട്ടുണ്ട്. സിമന്റ് മിശ്രിതത്തിനുള്ളിലേക്ക് വേരുകൾ ഇറങ്ങിയാൽ തൂണിന് ബലക്ഷയവും കേടുപാടുകളും സംഭവിക്കാം. തൂണുകൾ കാണാത്ത വിധത്തിൽ കാടു വളർന്ന് പന്തലിച്ച നിലയിലാണ്. പാലത്തിന്റെ അടി വശങ്ങളിലേക്കും കാട് വളർന്നു. ഇവിടെ മാലിന്യം പ്ലാസ്റ്റിക്ക് കവറുകളിലാക്കി തള്ളുന്നതായും പരാതിയുണ്ട്. പൂവനക്കടവ് മുതൽ വടക്കൻകടവ് വരെ മണിമലയാറിന്റെ തീരത്തുകൂടിയുള്ള റോഡിന്റെ വശങ്ങളിലും മാലിന്യം തള്ളൽ പതിവായിരിക്കുകയാണ്. പൂവനക്കടവ്, ചന്തക്കടവ്, വടക്കൻകടവ് എന്നിവിടങ്ങളിൽ തുണിയലക്കുന്നതിനും കുളിക്കുന്നതിനും അന്യ സംസ്ഥാന തൊഴിലാളികൾ അടക്കം നിരവധി ആളുകളാണ് എത്താറുള്ളത്. ഇവർക്ക് മാലിന്യത്തിന്റെ ദുർഗന്ധം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. ഏഴ് പതിറ്റാണ്ടിന് മുകളിൽ പഴക്കമുള്ള പാലത്തിന് കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന ആക്ഷേപമാണ് പ്രദേശവാസികൾക്കുള്ളത്. ഈ പാലത്തിനൊപ്പം നിർമ്മിച്ച കോഴഞ്ചേരി പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇടയ്ക്കിടയ്ക്ക് നടത്താറുണ്ടെങ്കിലും താലൂക്ക് ആസ്ഥാനത്തെ വലിയ പാലത്തിനെ അധികൃതർ അവഗണിക്കുന്നതായി പരാതിയുണ്ട്. മണിമലയാറിന്റെ അടിത്തട്ട് താഴ്ന്നതിനാൽ പാലത്തിന്റെ അസ്തിവാരം ഉയർന്നുനിൽക്കുന്നത് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമായേക്കാമെന്ന് പറയുന്നു. . അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
---------------------
പാലത്തിലും സമീപത്തും കാട് പന്തലിച്ച് നിൽക്കുന്നത് സമൂഹിക വിരുദ്ധർക്ക് മാലിന്യം നിക്ഷേപിക്കുന്നതിന് സഹായകരമായി. ജലക്ഷാമം രൂക്ഷമായി തുടങ്ങിയതിനാൽ ആളുകൾ നദിയിലെ വെള്ളത്തെ ആശ്രയിക്കുന്നുണ്ട്.
മോഹനൻ
പ്രദേശവാസി