
പത്തനംതിട്ട : സി.പി.എം ജില്ലാ സമ്മേളനത്തിന് കോന്നിയിൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സ്വാഗതസംഘം ചെയർമാൻ പി.ജെ.അജയകുമാർ, കൺവനീർ ശ്യാംലാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി, പൊതുസമ്മേളന നഗറുകളിൽ ഉയർത്താനുള്ള കൊടി, കൊടിമര, കപ്പി, കയർ, ദീപശിഖ ജാഥകൾ ഇന്ന് രാവിലെ ആരംഭിക്കും. വൈകിട്ട് നാലിന് ജാഥകൾ കോന്നി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സംഗമിക്കും. തുടർന്ന് പൊതുസമ്മേളന നഗറായ കോന്നി കെ.എസ്.ആർ.ടി.സി കോർണറിൽ സ്വാഗതസംഘം ചെയർമാൻ പി.ജെ.അജയകുമാർ പതാക ഉയർത്തും. നാളെ രാവിലെ ഒൻപതിന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ 263 പ്രതിനിധികൾ പങ്കെടുക്കും.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, ഡോ.ടി.എം.തോമസ് ഐസക്ക്, എ.കെ.ബാലൻ, കെ.രാധാകൃഷ്ണൻ.എം.പി, മന്ത്രി കെ.എൻ.ബാലഗോപാൽ, പി.സതീദേവി, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ.കെ.ജയചന്ദ്രൻ, വി.എൻ.വാസവൻ, പുത്തലത്ത് ദിനേശൻ തുടങ്ങിയവർ സംസാരിക്കും. 30ന് വൈകിട്ട് ചുവപ്പുസേന മാർച്ച്, ബഹുജന പ്രകടനം, പൊതുസമ്മേളനം എന്നിവയുണ്ടാകും. പൊലീസ് സ്റ്റേഷൻ റോഡ്, ആനക്കൂട്, എലിയറക്കൽ ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് പ്രകടനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ഉദയഭാനു ഒഴിയും, ചർച്ചയ്ക്ക് ചൂടേറിയ വിഷയങ്ങൾ
മൂന്നുതവണ തുടർച്ചയായി ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി.ഉദയഭാനു സ്ഥാനമൊഴിയും. എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുള്ള പാർട്ടി നിലപാടുകൾ, പാർട്ടിയിൽ കാപ്പാ, പീഡനക്കേസുകളിലെ പ്രതികളുടെ സ്വാധീനമുറിപ്പിക്കൽ, തുടങ്ങിയ സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്തേക്കും. ജില്ലയിൽ നിന്നുള്ള ഏകമന്ത്രിയായ വീണാജോർജിന്റെയും എം.എൽ.എമാരുടെയും പ്രവർത്തനങ്ങളെപ്പറ്റി ഏരിയ സമ്മേളനങ്ങളിൽ നടന്ന വിമർശനങ്ങൾ ജില്ലാ സമ്മേളനത്തിലും ഉയരാൻ സാദ്ധ്യതയുണ്ട്.
പാർട്ടി ശക്തിപ്പെട്ടു : കെ.പി.ഉദയഭാനു
പത്തനംതിട്ട : മൂന്നുതവണ തുടർച്ചയായി സി.പി.എം ജില്ലാ സെക്രട്ടറിയായ താൻ ഇത്തവണ സ്ഥാനമൊഴിയുമെന്ന് കെ.പി.ഉദയഭാനു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിഞ്ഞു.
മറ്റ് പാർട്ടികളിൽ നിന്ന് നിരവധിയാളുകൾ സി.പി.എമ്മിലെത്തി. ജില്ലയിലെ അഞ്ച് എം.എൽ.എമാരുടെയും പ്രവർത്തനം മികച്ചതാണ്. പാർലമന്റെ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ശക്തമായ പോരാട്ടം നടത്താൻ കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
ഡി.വൈ.എഫ്.ഐ വിളംബര ജാഥ
കോന്നി : സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ഡി.വൈ.എഫ്.ഐ കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന വിളംബര ജാഥ സംഘടിപ്പിച്ചു. കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിൽ സ്വാഗതസംഘം ചെയർമാൻ പി.ജെ.അജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ഏരിയാസെക്രട്ടറി ശ്യാംലാൽ, ഏരിയാ കമ്മിറ്റിയംഗങ്ങളായ വർഗീസ് ബേബി, കെ.ആർ.ജയൻ, ടി.രാജേഷ് കുമാർ, തുളസീമണിയമ്മ, കെ.എസ്.സുരേശൻ, ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ എം.അനീഷ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് എം.അഖിൽ, സെക്രട്ടറി സി.സുമേഷ്, രേഷ്മ മറിയം റോയി തുടങ്ങിയവർ പങ്കെടുത്തു. വാഹന വിളംബര ജാഥ കോന്നി ടൗണിൽ നിന്ന് ആരംഭിച്ച് ചിറ്റൂർമുക്ക്, പുളിമുക്ക് വഴി കുമ്പഴയിൽ സമാപിച്ചു.