sherin
ഷെറിൻ

പത്തനംതിട്ട : കരോൾ സംഘത്തെ ആക്രമിച്ച കേസിൽ നാല് യുവാക്കളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല ചുറ്റിപ്പാറയിൽ ഷെറിൻ (28), മീൻചിറപ്പാട്ട് വീട്ടിൽ ബിബിൻ (30), കോയിപ്രം കടപ്ര ചെമ്പകശ്ശേരിപ്പടി ചിറയിൽ കുറ്റിയിൽ അനന്തു (25), ചെമ്പകശ്ശേരിപ്പടി ചിറയിൽ കുറ്റിയിൽ അജിൻ (20) എന്നിവരാണ് പിടിയിലായത്. കുമ്പനാടാണ് സംഭവം. ഇലന്തൂർ നെല്ലിക്കാല കല്ലുകാലായിൽ വീട്ടിൽ നിന്നും കോയിപ്രം നെല്ലിക്കാല കരിയിലമുക്ക് സയൺ വില്ല വീട്ടിൽ എം.എസ്.മിഥിനും സംഘത്തിനുമാണ് മർദനമേറ്റത്.
മിഥിന്റെ നേതൃത്വത്തിൽ കരോൾ നടത്തിയ സംഘത്തിന് നേരെയാണ് ആക്രമം.

കുമ്പനാട് സ്വദേശി ഷിന്റോയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവത്തിന്റെ തുടക്കം. മിഥിൻ കാറിന്റെ ഹെഡ് ലൈറ്റ് ഡിം അടിച്ചില്ലെന്ന് പറഞ്ഞ് പതിനഞ്ചംഗ സംഘം തർക്കിച്ചായിരുന്നു തുടക്കം. പ്രശ്‌നം സംസാരിച്ച് പരിഹരിച്ച് കരോൾ നടത്തുന്നതിനായി ഷിന്റോയുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ വീണ്ടും തർക്കമുണ്ടായി. ശേഷം മിഥിനെ മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിതടഞ്ഞപ്പോൾ വലതു കൈയുടെ വിരലിന് പരിക്കേറ്റു. തുടർന്ന് പ്രതികൾ ചേർന്ന് മർദ്ദിച്ചു. എബ്രഹാം ജോർജ്, ഭാര്യ ഷൈനി ജോർജ് എന്നിവർക്കും മർദ്ദനമേറ്റു. ഷൈനി ജോർജിനെ പ്രതികൾ കയ്യേറ്റം ചെയ്തു. തടസം പിടിച്ച ജോൺസൺ എന്നയാൾക്കും മർദ്ദനമേറ്റു. തുടർന്ന്, കരോൾ സംഘത്തിലെ അംഗങ്ങൾ വീടുകളിലേക്ക് ഭയന്ന് ഓടികയറിയപ്പോൾ, പ്രതികൾ ഗേറ്റ് ചാടിക്കടന്ന് വീട്ടുമുറ്റത്ത് നിന്നിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തിരുവല്ല ഡി വൈ എസ് പി എസ്.ആഷാദിന്റെ മേൽനോട്ടത്തിൽ, കോയിപ്പുറം പൊലീസ് ഇൻസ്‌പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ ജി.ഗോപകുമാർ , ഗ്രേഡ് എസ്.ഐ.ഷൈജു, എസ്.സി.പി.ഓ സുരേഷ്, സി.പി.ഓമാരായ മനൂപ്, സുജിത് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.