ghoshayathra
ചക്കുളത്തുകാവിലെ തിരുവാഭരണ ഘോഷയാത്ര കാവുംഭാഗം ഏറങ്കാവ്‌ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി. കാവുംഭാഗം എറങ്കാവ് ഭഗവതിക്ഷേത്രത്തിൽ നിന്ന് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടാണ് തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചത്. കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, നെടുമ്പ്രം ജംഗ്ഷനുകളിൽ വിവിധ ക്ഷേത്രഭാരവാഹികളും രാഷ്ട്രീയ - സാമുദായിക - സാംസ്‌കാരിക പ്രവർത്തകരും വൻവരവേൽപ്പ് നൽകി. ദേവിക്ക് ചാർത്താനായി തങ്ക തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങളും അണിചേർന്നു. റോഡിന്റെ ഇരുവശങ്ങളിലും നിറപറയും നിലവിളക്ക് കത്തിച്ചും അലങ്കാര ദീപങ്ങൾ ചാർത്തിയും ഭക്തജനങ്ങൾ തിരുവാഭരണ ഘോഷയാത്രയെ വരവേറ്റു. ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം ദേവിക്ക് തിരുവാഭരണം ചാർത്തി അഷ്ടൈശ്വര്യ ദീപാരാധന നടന്നു. ക്ഷേത്ര മുഖ്യകാര്യദർശി രാധകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. മീഡിയ കൺവീനർ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ സ്വാമിനാഥൻ എന്നിവർ നേത്യത്വം നൽകി. ഇന്ന് ക്ഷേത്രതന്ത്രി ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ചക്കരകുളത്തിൽ ആറാട്ടും മഞ്ഞനിരാട്ടും നടക്കും. തുടർന്ന് കൊടിയിറക്കോടെ ഉത്സവാഘോഷങ്ങൾക്ക് സമാപനമാകും.