
ഓമല്ലൂർ : നിയന്ത്രണം വിട്ട കാർ കടയുടെ മുൻവശത്തേക്ക് ഇടിച്ചുകയറി. കടയിലെ ജീവനക്കാരനും വഴിയാത്രക്കാരനും പരിക്കേറ്റു. ഓമല്ലൂർ ചന്ത ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം. അമിതവേഗത്തിലെത്തിയ ഇന്നോവ കാർ, പഴവും പച്ചക്കറിയും വിൽക്കുന്ന കടയുടെ മുൻഭാഗത്തുകൂടി പാഞ്ഞുകയറി റോഡരികിലെ ടെലിഫോൺ പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഈ സമയം കടയിൽ സാധനം വാങ്ങാൻ ആരുമില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. പച്ചക്കറി കടയുടെ ഒരു ഭാഗം തകർന്നിട്ടുണ്ട്. റോഡരികിൽ ഉപയോഗമില്ലാതെ നിൽക്കുന്ന പോസ്റ്റുകൾ വലിയ അപകട ഭീഷണിയുയർത്തുന്നതായി പരാതിയുണ്ട്.