road-
നടപ്പാതയിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന കാർ

റാന്നി: ഇട്ടിയപ്പാറയിൽ നടപ്പാത കൈയടക്കി വാഹനപാർക്കിംഗും വ്യാപാരവും കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇട്ടിയപ്പാറയിലാണ് ഇത്തരത്തിൽ നടപ്പാത കൈയേറി വാഹനം പാർക്ക് ചെയ്തിരിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ കൈയേറ്റമുണ്ടായിട്ടും പൊലീസോ, മറ്റ് അധികാരികളോ നിസംഗത തുടരുകയാണ്. പലപ്പോഴും കാൽനടക്കാർക്ക് നടപ്പാത പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. കടയിലെ സാധനങ്ങളും ബോർഡുകളും പലപ്പോഴും നടപ്പാതയിലാണ് സ്ഥാപിക്കാറുള്ളത്. വാഹനങ്ങൾ പാത കൈയേറി പാർക്ക് ചെയ്താൽ മണിക്കൂറുകളോളം വാഹനം തൽസ്ഥിതി തുടരും. ഇതുമൂലം തിരക്കുള്ള റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയിലാണ് കാൽനട യാത്രക്കാർക്ക്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ ദിവസവും നടന്നു പോകുന്ന നടപ്പാതയിലാണ് ഇത്തരത്തിൽ അനധികൃത കച്ചവടവും പാർക്കിംഗും നടക്കുന്നത്. അധികൃതർ ഇടപെട്ട് അടിയന്തര നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.