1
എഴുമറ്റൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപത്തെ തോട്ടിൽ മാലിന്യം പ്ലാസ്റ്റിക് ചാക്കിലും കവറിലുമായി തള്ളിയിരിക്കുന്നു.

മല്ലപ്പള്ളി : എഴുമറ്റൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപത്തെ തോട്ടിൽ മാലിന്യം കുമിഞ്ഞുകൂടുന്നതായി പരാതി. പ്ലാസ്റ്റിക് ചാക്കിലും കവറുകളിലുമായിട്ടാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. സമീപത്തായി പ്ലാസ്റ്റിക്ക് കുപ്പികളും നിക്ഷേപിച്ചിട്ടുണ്ട്. ജംഗ്ഷന് സമീപത്തെ ചിറയ്ക്കൽ - അട്ടക്കുഴി തോട്ടിലാണ് ദുർഗന്ധം വമിപ്പിക്കുന്ന തരത്തിൽ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത്. തോട്ടിലെ നീരൊഴുക്ക് കുറഞ്ഞതോടെ സമീപത്തെ ബാങ്കിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നവരും വ്യാപാരികളും ദുർഗന്ധം കാരണം ദുരിതത്തിലാണ്. തോടിന് സമീപത്ത് സംരക്ഷണവേലികളില്ലാത്തത് മാലിന്യം നിക്ഷേപത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചിട്ടുണ്ട്. തോട്ടിലെ കലുങ്കിന് സമീപത്താണ് മാലിന്യം കൂടുതലായി കെട്ടിക്കിടക്കുന്നത്. രാത്രിയുടെ മറവിൽ വാഹനത്തിൽ എത്തുന്നവരും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യവും കൊണ്ടുവന്ന് നിക്ഷേപിക്കുന്നുണ്ട്. 200 മീറ്ററോളം ദൂരത്തിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. കടുത്ത ദുർഗന്ധം മൂലം സമീപത്തെ വീട്ടുകാർക്കും വ്യാപാര സ്ഥാപനങ്ങളിൽ ഉള്ളവർക്കോ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത സ്ഥിതിയാണ്. മൂന്ന് പഞ്ചായത്ത് വാർഡുകളുടെ അതിരുകൾ പങ്കിടുന്ന ജംഗ്ഷനിലെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താൻ പ്രദേശത്തെ ജനപ്രതിനിധികളും, ആരോഗ്യവകുപ്പ് അധികൃതരും നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

..................

ആരോഗ്യമേഖലയിൽ പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കുവാൻ ബോധവത്കരണം നടത്തുന്ന അധികൃതർ പൊതുസ്ഥലത്ത് മാസങ്ങളായി കെട്ടിക്കിടന്ന മാലിന്യം കാണാതിരുന്നതും പരാതിക്ക് മേൽ നടപടി സ്വീകരിക്കാത്തതും ജനങ്ങളോടുള്ള അനീതിയാണ്.

സുദർശനകുമാർ

(കണിപറമ്പിൽ)​

.........................................

200 മീറ്ററോളം ദൂരത്തിൽ മാലിന്യം

.......

3 പഞ്ചായത്ത് വാർഡുകളുടെ അതിരുകൾ പങ്കിടുന്ന ജംഗ്ഷൻ