 
മൂന്നാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങി 
തിരുവല്ല ; ജനകീയ പങ്കാളിത്തത്തോടെ പുഴകളും നീർച്ചാലുകളും വീണ്ടുക്കുന്ന ഇനിയും ഞാൻ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഇരവിപേരൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ ആവണി പാടശേഖരമാണ് ജനകീയ പങ്കാളിത്തത്തോടുകൂടി വീണ്ടെടുക്കുന്നത്. .ജനകീയ കൂട്ടായ്മയിലൂടെ വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച ചരിത്രസംഭവത്തിന് മുമ്പ് നാട് സാക്ഷിയായിട്ടുണ്ട്. പമ്പയിൽ നിന്ന് തുടങ്ങുന്ന വരട്ടാർ നീരൊഴുക്ക് നിലച്ച് നാമാവശേഷമായിരുന്നു. 2017ലാണ് ജനകീയ മുന്നേറ്റത്തോടെ വരട്ടാറിന്റെ പുനരുജ്ജീവനം തുടങ്ങിയത്. കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലൂടെയാണ് ആറ് കടന്നുപോകുന്നത്. ഇരവിപേരൂർ പഞ്ചായത്തിലാണ് പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് അന്ന് തുടക്കംകുറിച്ചത്. അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർ വരട്ടാർ ഒഴുകിയ വഴികളിലൂടെ നടന്നാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. നാട്ടുകാരുടെ സഹകരണത്തോടെ ചെലവ് കണ്ടെത്തി ഒരു വർഷത്തോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയത്.
മൂന്നാം ഘട്ടത്തിൽ ആവണി പാടശേഖരത്തിലെമാലിന്യം നീക്കി നീരൊഴുക്ക് വീണ്ടെടുക്കുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു പതിനാലാം വാർഡ് മെമ്പർ കെ.കെ വിജയമ്മ അദ്ധ്യക്ഷയായി. വാർഡ് മെമ്പർമാരായ അമ്മിണി ചാക്കോ, അമിതാ രാജേഷ്, പഞ്ചായത്ത് സെക്രട്ടറി കെ. സന്തോഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ഡി. ശ്രീലത, ഹരിത കേരള മിഷനിലെ ആർ.പി ഗോകുൽ, ആവണി പാടശേഖരസമിതി സെക്രട്ടറി കെ.കെ രവികുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
പദ്ധതി ആവണി പാടത്ത്
ആവണി പാടശേഖരത്തിൽ 750 മീറ്റർ നീളത്തിൽ 745 മീറ്റർ കയർ ഭൂവസ്ത്രം വിരിക്കും. ഇതിനായി 715 തൊഴിൽ ദിനം സൃഷ്ടിച്ചുകൊണ്ട് 25 തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് ആവണി പുഞ്ചത്തോട് വീണ്ടെടുക്കുന്നത്. 30 ഏക്കർ നെൽകൃഷിക്കും അനുബന്ധ കൃഷിക്കും പ്രയോജനപ്പെടും. 4,54,711 രൂപയാണ് എസ്റ്റിമേറ്റ് തുക. മാലിന്യം മാറ്റി നീരൊഴുക്ക് വീണ്ടെടുക്കാനാണ് കർമ്മ പദ്ധതി.
745 മീറ്റർ കയർ ഭൂവസ്ത്രം വിരിക്കും
715 തൊഴിൽ ദിനം
4,54,711 രൂപയാണ് എസ്റ്റിമേറ്റ് തുക