
ചെങ്ങന്നൂർ : നാളികേരത്തിന് പിന്നാലെ ഏത്തവാഴക്കുലയുടെയും വില ഉയർന്നത് കർഷകർക്ക് ആശ്വാസമായി. .മാസങ്ങൾക്കു മുമ്പ് നാടൻ കുലയ്ക്ക് കിലോയ്ക്ക് 30 മുതൽ 35 രൂപ വരെ ലഭിച്ച സ്ഥാനത്ത് ഇപ്പോൾ 60 മുതൽ 70 രൂപ വരെ ലഭിക്കുന്നുണ്ട്. ,കച്ചവടക്കാർക്ക് കിലോയ്ക്ക് 80 മുതൽ 90 രൂപ വരെ നിരക്കിലാണ് കർഷകർ കുല വിൽക്കുന്നത് .നാടൻ ഏത്തക്കുലയ്ക്ക് 100 രൂപ വരെ വാങ്ങുന്ന സ്ഥലവും ഉണ്ട്. വില ഉയർന്നെങ്കിലും വിളവ് വേണ്ടത്രയില്ല. പൊതുവേ 15 കിലോയ്ക്ക് മുകളിൽ വരെ തൂക്കം ഏത്തവാഴക്കുലയ്ക്ക് ഉണ്ടാകാറുണ്ട്. പക്ഷേ ഇപ്പോൾ വിളവെടുക്കുന്നതിൽ പലതും ചെറിയ കുലകളാണ് പലതിനും 6 മുതൽ 12 കിലോവരെയേ ശരാശരി തൂക്കമുള്ളു. ഇടയ്ക്കിടെയുള്ള മഴയും കാറ്റും കൃഷി നശിക്കാൻ കാരണമാകുന്നു.
വരും ദിവസങ്ങളിൽ വില ഉയരുമെന്നും നൂറുകടക്കുമെന്നുമാണ് സൂചന . ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന ഏത്തക്കുലയ്ക്ക് കിലോയ്ക്ക് 72 രൂപ വരെയാണ് മൊത്തവില . ഇത് കച്ചവടക്കാർ 80 മുതൽ 85 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്. മാസങ്ങൾക്കുമുമ്പ് ഇതര സംസ്ഥാന കുലകൾ മൂന്ന് കിലോ 100 രൂപയ്ക്ക് വരെ വില്പന നടത്തിയിരുന്നു ഏത്തക്കുലയ്ക്ക് പുറമേ മറ്റ് കുലകൾക്കും പച്ചക്കറി ഉൾപ്പെടെയുള്ളവയ്ക്കും വില കൂടിയിട്ടുണ്ട്..
റോബസ്റ്റ കിലോയ്ക്ക് 35 മുതൽ 40 വരെയും ഞാലിപ്പൂവന് 55 മുതൽ 65 രൂപ വരെയും വിലയുണ്ട്,ചക്കയ്ക്ക് 70 രൂപയാണ് വില. പച്ചക്കറികളിൽ മുരിങ്ങക്കയാണ് താരം കിലോയ്ക്ക് 300 രൂപയാണ് വില. ബീൻസിന് 120 രൂപയും പയറിന് 100 രൂപയും കോവക്കയ്ക്ക് 70 രൂപയുമാണ് . തമിഴ്നാട്ടിലെ മഴ കാരണമാണ് പച്ചക്കറിക്ക് ഇത്രയും വിലകൂടിയതെന്ന് വ്യാപാരിയായ ശശിക്കുട്ടൻ പറഞ്ഞു.