kseb

പത്തനംതിട്ട : മഴയായാലും വെയിലായാലും, ഇതൊന്നും വകവയ്ക്കാതെ പണിയെടുക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാരുടെ ജീവന് സംരക്ഷണമൊരുക്കാൻ അധികൃതർക്ക് കഴിയുന്നില്ലായെന്നത് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ മൂന്ന് വർഷത്തെ അപകടമരണങ്ങളുടെ കണക്കുകൾ. വൈദ്യുതി ലൈനിലെ പണികൾക്കിടെ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് 40 ജീവനാണ് നഷ്ടമായത്. ഷോക്കേറ്റും പോസ്റ്റിൽ നിന്ന് വീണുമാണ് മരണങ്ങളേറെയും. ചിലർക്ക് ശരീരത്തിന്റെ ചലനശേഷി നഷ്ടമായി.

മുപ്പതാം വയസിൽ ഉപരിപഠനത്തിന് പണം കണ്ടെത്താനാണ് നിലേശ്വരം സ്വദേശിയായ ജോജു കെ.എസ്.ഇ.ബിയിൽ കരാർ തൊഴിലാളിയായത്. വൈദ്യുതി ലൈൻ വലിക്കുന്നതിനിടെ ഷോക്കേറ്റു മരിച്ചു. ഇങ്ങനെ നിരവധി ജീവനുകളാണ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതാണ് കാരണം പൊലിഞ്ഞത്. അപകടത്തിൽപ്പെട്ട ഭൂരിഭാഗം പേരുടെ ജീവിതവും കഷ്ടപ്പാടിലാകുകയാണ്. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട് കിടക്കയിൽ കഴിയേണ്ടി വരുന്നവരും അപകടത്തിന് ശേഷം പണിചെയ്യാൻ കഴിയാത്തവരുമുണ്ട്. ഇവർക്ക് നൽകുന്ന നഷ്ടപരിഹാരം മുഴുവനായും ആശുപത്രിയിൽ ചെലവാക്കേണ്ടിയും വരുന്നു. കെ.എസ്.ഇ.ബി തൊഴിലാളികളും കരാർ തൊഴിലാളികളുമാണ് അറ്റകുറ്റപ്പണി നടത്തുന്നത്.

സുരക്ഷാ മാനദണ്ഡങ്ങൾ

ഏണികൾ, സുരക്ഷാ ബെൽറ്റുകൾ, കയറുകൾ, കൈയ്യുപകരണങ്ങൾ എന്നിവ കൃത്യമായി ഉപയോഗിക്കണം. ഫലപ്രദമായി എർത്ത് ചെയ്യണം , വൈദ്യുതി പ്രവഹിക്കാൻ സാദ്ധ്യതയില്ലെന്ന് ഉറപ്പ് വരുത്തണം തുടങ്ങി നിരവധി സുരക്ഷാ നിർദേശങ്ങൾ ഉണ്ടെങ്കിലും ഇവയൊന്നും പാലിക്കപ്പെടുന്നില്ല. ഇവയ്ക്ക് ഏകോപനമില്ലാത്തതും മറ്റൊരു പോരായ്മയാണ്.

2022

അപകടങ്ങൾ 100

മരണം: 17 (കെ.എസ്.ഇ.ബി ജീവനക്കാർ 5, കരാർ തൊഴിലാളികൾ 12)

2023

അപകടങ്ങൾ 62

മരണം : 15 (ജീവനക്കാർ 6, കരാർ 9)

2024

അപകടങ്ങൾ 65
മരണം : 8 (ജീവനക്കാർ 6, കരാർ 2)

സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം.

വി.എൻ.പ്രസാദ്

കെ.എസ്.ഇ.ബി ചീഫ് സേഫ്റ്റി കമ്മിഷണർ

കൂട്ടായ പ്രവർത്തനം നടന്നാൽ അപകടം കുറയ്ക്കാം. എല്ലാ സുരക്ഷയും പാലിച്ച് ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഒരാൾ വേണം. പല സെഷനിലും ഇതിനാളില്ല. ഇതിനെപ്പറ്റി ധാരണയില്ലാത്ത കരാർ ജീവനക്കാരും ഉണ്ട്.

സന്ദീപ്, ലൈൻമാൻ