1
തെള്ളിയൂർകാവ് ഭഗവതി ക്ഷേത്രവളപ്പിലെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങൾ ചാക്കുകളിൽ കെട്ടിവെച്ചനിലയിൽ

മല്ലപ്പള്ളി : വൃശ്ചിക വാണിഭം കഴിഞ്ഞ് ഒരുമാസമായിട്ടും തെള്ളിയൂർകാവ് ഭഗവതി ക്ഷേത്ര വളപ്പിലെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ നീക്കുന്നില്ലെന്ന് പരാതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭൂമിയിലുള്ള മാലിന്യങ്ങൾ ആഴ്ചകളായി നിരന്നുകിടന്നപ്പോൾ പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് ദേവസ്വം ബോർഡ് നേരിട്ട് കൂലിക്ക് ആളുകളെ നിയോഗിച്ച് ഇവ ചക്കുകളിൽ ശേഖരിച്ച് കൂട്ടിവച്ചെങ്കിലും ഇവ ഇപ്പോഴും ഇവിടെ കുന്നു കൂടി കിടക്കുകയാണ്. ക്ഷേത്ര ഉപദേവലയം, ഓഡിറ്റോറിയം, യജ്ഞശാല, ടോയ്ലെറ്റ് എന്നിവയുടെ പരിസരങ്ങളിലാണ് ഇത് ചാക്കിൽ കെട്ടി വച്ചിട്ടുള്ളത്. ഇത് തെരുവു നായ്ക്കളും, പന്നികളുമെല്ലാം കടിച്ച് വലിച്ചിട്ട് നിലയിലാണ്. എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത്‌ ഹരിത കർമ്മ സേനയാണ് ഈ മാലിന്യം നീക്കം ചെയ്യേണ്ടതെന്നാണ് ദേവസ്വം നിലപാട്. എന്നാൽ ഇതിനുള്ള ഫീസ് ദേവസ്വം കെട്ടിവയ്ക്കാതെ അജൈവ മാലിന്യം കൊണ്ടുപോകില്ലെന്ന് പഞ്ചായത്തും വാശിപിടിക്കുന്നു. ക്ഷേത്രത്തിൽ നടക്കുന്ന, വിവാഹം,വിവാഹ നിശ്ചയം തുടങ്ങിയവയ്ക്ക് ഈ മാലിന്യ കൂമ്പാരം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുന്നതായി പരാതിയുണ്ട്.