e

പത്തനംതിട്ട : ടി.കെ റോഡിൽ പുല്ലാട് കനാൽ പാലത്തിനുസമീപം ഉണ്ടായ അപകടത്തിന് കാരണമായ കെ.എസ്ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം വിതുര തൊളിക്കോട് താന്നിമൂട്ടിൽ തടത്തരികത്തുവീട്ടിൽ നിജിലാൽ രാജിനെയാണ് (40) കോയിപ്രം പൊലീസ് ഇന്നലെ രാവിലെ അറസ്റ്റുചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോയിപ്രം എസ്എച്ച്ഒ ജി. സുരേഷ്‌കുമാർ പറഞ്ഞു.
ബസിൽ വച്ച് യാത്രക്കാരുമായി ഡ്രൈവർ തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ബസ് നിയന്ത്രണം വിട്ട് കനാൽ പാലത്തിൽ തട്ടിയാണ് എതിർദിശയിൽനിന്ന് വന്ന കാറിൽ ഇടിച്ചുകയറുകയും ചെയ്തതെന്ന് യാത്രക്കാർ പറഞ്ഞു.

അപകടസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ട രാജുവിന്റെ ഭാര്യ റീനയും (53) ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വ്യാഴാഴ്ച രാത്രി 9.15നായിരുന്നു അപകടം. തിരുവല്ലയിൽ നിന്ന് പത്തനംതിട്ടയ്ക്കുവന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് എതിർദിശയിൽ വന്ന മാരുതി ആൾട്ടോ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ ഓടിച്ചിരുന്ന ഷാരോൺ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ് കൗൺസിൽ അംഗം റാന്നി പഴവങ്ങാടി സ്വദേശി കുമ്പനാട് നെല്ലിമല എസ്എൻഡിപി ഗുരുമന്ദിരത്തിനുസമീപം വെട്ടുമൺ വീട്ടിൽ താമസിക്കുന്ന വി. ജി. രാജുവിനെ (56) കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രാജു അപ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ റീനയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയിൽ മരിച്ചു. മകളും പേരക്കുട്ടിയും അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിലാണ്.