ശബരിമല: മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞ് നട അടച്ച ശബരിമല സന്നിധാനത്തു നിന്ന് നാലര ലിറ്റർ മദ്യവുമായി ഹോട്ടൽ ജീവനക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു.കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജുവാണ് (51) പിടിയിലായത്. പൊലീസിനെ കണ്ട് ഒാടിയ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ ഉൾപ്പടെയുള്ള സംഘം പാണ്ടിത്താവളം ഭാഗത്തെ കടയ്ക്കു പിന്നിലിരുന്ന് ഇന്നലെ വൈകിട്ട് മദ്യപിക്കുമ്പോഴാണ് പൊലീസ് എത്തിയത്. മകരവിളക്ക് ഉത്സവത്തിനായി 30ന് ശബരിമല നട തുറക്കുമെന്നതിനാൽ ചില കച്ചവടക്കാർ ഇവിടെ തങ്ങുന്നുണ്ട്. സന്നിധാനത്ത് നിന്ന് മദ്യം കണ്ടെത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് കാട്ടി രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകി.