 
ചെങ്ങന്നൂർ: കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ രൂപം കൊടുത്ത കാർഷിക കർമ്മ സേനയിലെ അംഗങ്ങൾ കൊഴിഞ്ഞുപോയതോടെ കാർഷിക യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു. പുലിയൂർ കൃഷിഭവൻ പരിധിയിലെ കർമ്മസേന പ്രവർത്തനം നിലച്ചതോടെ ട്രാക്ടർ, ട്രില്ലർ അടക്കമുള്ള യന്ത്രങ്ങളാണ് നശിക്കുന്നത്. കാർഷികവൃത്തിയിൽ നിന്നുള്ള വരുമാനം കുറഞ്ഞതാണ് അംഗങ്ങൾ കൊഴിഞ്ഞു പോകാൻ കാരണം. ആളില്ലാതെയായതോടെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാതെയായി.നടീൽ മുതൽ വിളവെടുപ്പ്, സംസ്കരണം വരെയുള്ള കൃഷിപ്പണികൾ, കീടനാശിനി പ്രയോഗം, യന്ത്രങ്ങൾ പ്രവർത്തിപ്പിക്കൽ എന്നിവയിൽ പരിശീലനം നൽകിയാണ് കർമ്മ സേനാംഗങ്ങളെ രംഗത്തിറക്കിയത്. കർമ്മസേ നയിലെ അംഗങ്ങളുടെ കൂലി,ജോലി സമയം എന്നിവ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായ സമിതിയാണ് നിശ്ചയിച്ചത്. കർമ്മസേനയ് ക്കാവശ്യമായ പ്രോത്സാഹനം പഞ്ചായത്തുകൾ നൽകുമെന്നും പറഞ്ഞിരുന്നു. പഞ്ചായത്ത്, കൃഷിഭവൻ, ബ്ലോക്കുതലത്തിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്റർ എന്നിവയുടെ സഹായവും കർമ്മസേനയ്ക്കുണ്ടായിരുന്നു. തുടക്കത്തിൽ നല്ല നിലയിലാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ വർഷം മുഴുവൻ വരുമാനം കിട്ടാതെ വന്നതോടെ കർമ്മസേനയിലെ അംഗങ്ങൾ ഓരോരുത്തരായി പോയെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു. കൂടാതെ തൊഴിലുറപ്പു പോലെയുള്ള പദ്ധതികൾക്ക് മെച്ചപ്പെട്ട വേതനം ലഭിക്കാൻ തുടങ്ങിയതും കാരണമായി. ചെളിയിലും മറ്റു മിറങ്ങി ജോലി ചെയ്യാനുള്ള വൈമുഖ്യവും കർമ്മസേനയുടെ പ്രവർത്തനം താളം തെറ്റാൻ കാരണമായി.സേനയുടെ പ്രവർത്തനം മന്ദീഭവിച്ചതോടെ യന്ത്രങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലായി. അതേ സമയം കാർഷിക കർമ്മസേനയുടെ പ്രവർത്തനം പഠിച്ച് വിലയിരുത്തുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.