s

പത്തനംതിട്ട: എം.ടി വാസുദേവൻ നായരെ ആർ.എസ്.എസും ജമാ അത്തെ ഇസ്ളാമിയും സൈബർ ആക്രമണത്തിലൂടെ അധിക്ഷേപിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിനും സർക്കാരിനുമെതിരെ ഒപ്പുശേഖരണവുമായി കുറേപ്പേർ എം.ടിയുടെ അടുത്തുചെന്നു. പ്രസ്താവന വായിച്ച എം.ടി,സി.പി.എം ഇല്ലാത്ത കേരളത്തെപ്പറ്റി ചിന്തിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഒപ്പിടാൻ തയ്യാറായില്ല. എം.ടി ഹിന്ദുവിരുദ്ധനാണെന്നും ആചാരങ്ങളുടെ ലംഘകനാണെന്നും ആർ.എസ്.എസ് പറയുന്നു. സവർണ എഴുത്തുകാരൻ ചത്തു എന്നാണ് ജമാ അത്തെ ഇസ്ളാമി പറയുന്നത്. മരിച്ചു എന്നുപറയാനുള്ള സാമാന്യമര്യാദ കാണിച്ചില്ല. ഹിന്ദുക്കളിൽ ചെറിയ വിഭാഗം മാത്രമാണ് ആർ.എസ്.എസുകാർ. എല്ലാ മുസ്ളിംങ്ങളും ജമാഅത്തെ ഇസ്ളാമിയോ എസ്.ഡി.പി.ഐയോ അല്ല. ആർ.എസ്.​എസിനെപ്പറ്റി മിണ്ടിയാൽ ഹിന്ദുക്കൾക്ക്​ എതിരെന്നു പറഞ്ഞ്​ സൈബർസെൽ കടന്നുവരും. വർഗീയതയ്ക്കെതിരെയാണ്​ സി.പി.എം പറയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

പ്രതിനിധി സമ്മേളനത്തിനു ശേഷം പൊതുചർച്ചയിലും അദ്ദേഹം പങ്കെടുത്തു. ചർച്ച ഇന്ന് തുടരും. നാളെ രാവിലെ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കും. വൈകിട്ട് അഞ്ചിന് കോന്നിയിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.