cpm

കോന്നി : മലയോര മണ്ണിൽ ചെങ്കൊടി പ്രസ്ഥാനത്തിന്റെ സംഘടനാബലം വ്യക്തമാക്കിക്കൊണ്ട് സി.പി.എം ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം പതാക ഉയർത്തിയതോടെ സമ്മേളന നഗരിയിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ.കെ.ബാലൻ, പി.കെ.ശ്രീമതി, പി.സതീദേവി, കെ.രാധാകൃഷ്ണൻ എം.പി, കെ.എൻ.ബാലഗോപാൽ ,സി.എസ്.സുജാത ,സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളായ കെ.കെ.ജയചന്ദ്രൻ , വി.എൻ.വാസവൻ, പുത്തലേത്ത് ദിനേശൻ, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു എന്നിവർ പുഷ്പചക്രം അർപ്പിച്ചു.തുടർന്ന് സമ്മേളന പ്രതിനിധികളും. നേതാക്കളും പുഷ്പാർച്ചന നടത്തി.

നൃത്തച്ചുവടുകളുമായി സ്വാഗതഗാനം

കോന്നി : സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ നൃത്തച്ചുവടുകളോടെയായിരുന്ന സ്വാഗത ഗാനം അവതരിപ്പിച്ചത്. പതാക ഉയർത്തലിനും പുഷ്പാർച്ചനയ്ക്കും ശേഷം സമ്മേളന പ്രതിനിധികളെ സ്വാഗതം ചെയ്തു. ജില്ലയുടെ സവിശേഷതകൾ പ്രതിപാദിച്ച സ്വാഗതഗാനം 20 മിനിട്ട് നീണ്ടു. 15 പെൺകുട്ടികൾ സ്വാഗതഗാനത്തിനൊപ്പം ചുവടുകൾവച്ചു.

വൈദികനും പ്രതിനിധി

കോന്നി : കർഷകസംഘത്തിന്റെ ഭാരവാഹിയായി എത്തിയ വൈദികൻ ജില്ലാ സമ്മേളനത്തിൽ പ്രതിനിധിയായി. മന്ത്രി വീണാജോർജും കെ.യു.ജനീഷ് കുമാർ എം.എൽ.എയും പ്രതിനിധികൾക്കൊപ്പമാണ് ഇരുന്നത്. പ്രതിനിധി സമ്മേളനം തുടങ്ങിയ ശേഷം വീണാ ജോർജിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഉദ്ഘാടന പ്രസംഗം ഒന്നേകാൽ മണിക്കൂർ നീണ്ടു

കോന്നി: ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ പ്രസംഗം ഒന്നേകാൽ മണിക്കൂർ നീണ്ടു. അന്തർദേശീയ ദേശീയ സംസ്ഥാന വിഷയങ്ങൾ പ്രസംഗത്തിൽ പ്രതിപാദിച്ചു.

ഇവർ നിയന്ത്രിക്കും

കോന്നി : ജില്ലാ സമ്മേളനത്തിന്റെ സംസ്ഥാന സെക്രട്ടറിക്ക് പുറമെ നേതാക്കളായ എ.കെ.ബാലൻ, പി.കെ.ശ്രീമതി, പി.സതീദേവി, കെ.എൻ.ബാലഗോപാൽ, സി.എസ്.സുജാത, കെ.കെ.ജയചന്ദ്രൻ, വി.എൻ.വാസവൻ, പുത്തലത്ത് ദിനേശൻ എന്നിവർ പങ്കെടുക്കുന്നു.

പാർട്ടി കുടുംബങ്ങളിൽ താമസം

കോന്നി: കോന്നിയിൽ ആദ്യമായി നടക്കുന്ന ജില്ലാസമ്മേളനത്തിൽ 300 മേൽ പ്രതിനിധികൾ പങ്കെടുക്കുന്നു. ഇടത്തരം ലോഡ്ജുകളുടെ കാര്യത്തിൽ കോന്നിയിൽ പരിമിതികൾ ഉണ്ട്. പ്രതിനിധികളായി എത്തിയവർക്ക് കോന്നി പ്രമാടം അരുവാപ്പുലം പഞ്ചായത്തുകളുടെ പാർട്ടി പ്രവർത്തകരുടെ വീടുകളിലാണ് താമസം ഒരുക്കിയിരിക്കുന്നത്. മുതിർന്ന നേതാക്കൾക്ക് പത്തനംതിട്ടയിലെ ലോഡ്ജുകളിലും താമസം ഒരുക്കിയിട്ടുണ്ട്.