
ഇരവിപേരൂർ : പ്രത്യക്ഷ രക്ഷാ ദൈവ സഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ പത്‌നിയും മുൻ സഭാ പ്രസിഡന്റുമായിരുന്ന ദിവ്യമാതാവിന്റെ (വി.ജാനമ്മ) 40-ാമത്
ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം ഇന്ന് മുതൽ ജനുവരി 5 വരെ സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലും ശാഖകളിലുമായി ഉപവാസ ധ്യാനത്തോടെയും വ്രതാനുഷ്ഠാനങ്ങളോടെയും നടക്കും. ദേഹവിയോഗ ഉപവാസ ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 4ന് കുളത്തൂർ ദിവ്യമാതാ സ്മാരക മണ്ഡപത്തിലെ പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം യുവജനസംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പൊയ്ക തീർത്ഥാടന പദയാത്ര സഭാ പ്രസിഡന്റ് വൈ.സദാശിവൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് സഭാ ആസ്ഥാനമായ ഇരവിപേരൂരിൽ എത്തിച്ചേരുന്ന പദയാത്രികരെ വിശുദ്ധ മണ്ഡപത്തിൽ ഗുരുകുല സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് പദയാത്ര സമാപന പ്രാർത്ഥന നടക്കും. തുടർന്ന് വിശുദ്ധ മണ്ഡപത്തിൽ നടക്കുന്ന ധ്യാനയോഗത്തിൽ സഭാപ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഗുരുകുല ശ്രേഷ്ഠൻ, ഗുരുകുല സമിതിയംഗങ്ങൾ, മേഖലാ ഉപദേഷ്ടാ പ്രതിനിധികൾ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ദിവ്യമാതാ തിരുശരീര വേർപാട് സമയമായ രാത്രി 11.55ന് തങ്കവിലാസം ബംഗ്ലാവിലെ ദിവ്യമാതാ സന്നിധിയിൽ സഭാ പ്രസിഡന്റ് വൈ.സദാശിവന്റെ മുഖ്യകാർമികത്വത്തിൽ പ്രത്യേക അനുസ്മരണ പ്രാർത്ഥന നടക്കും. ജനുവരി 5ന് രാവിലെ വിശുദ്ധ മണ്ഡപത്തിൽ പ്രത്യേക പ്രാർത്ഥനയും ആത്മീയ യോഗവും ഉണ്ടായിരിക്കും. ഉപവാസ ധ്യാന ദിനങ്ങളിൽ സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ, ജനറൽ സെക്രട്ടറിമാരായ കെ.ഡി.സീത്കുമാർ, റ്റി.കെ.അനീഷ് , ഖജാൻജി ആർ.ആർ.വിശ്വകുമാർ, ജോയിന്റ് സെക്രട്ടറി കെ.ജ്ഞാനസുന്ദരൻ, ഗുരുകുല സമിതിയംഗങ്ങൾ, ഹൈകൗൺസിൽ അംഗങ്ങൾ എന്നിവർ സഭയുടെ വിവിധ ശാഖകൾ സന്ദർശിച്ച് യോഗങ്ങൾ നടത്തും.