
പത്തനംതിട്ട : മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നടതുറക്കുന്ന ശബരിമലയിൽ കുറ്റമറ്റ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മകരവിളക്ക് തീർത്ഥാടന അവലോകനയോഗത്തിൽ അദ്ധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലപൂജ കാലയളവിൽ ഇത്തവണ 32,79,761 പേരാണ് ശബരിമലയിൽ ദർശനത്തിനായി എത്തിയത്. 5,73,276 പേർ സ്‌പോട്ട് ബുക്കിംഗ് വഴിയും 75,562 പേർ കാനനപാതയിലൂടെയും ദർശനത്തിന് എത്തി. മകരവിളക്കിന്റെ ഭാഗമായുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് പന്തളത്ത് തുടങ്ങും.
ഘോഷയാത്ര കടന്നുവരുന്ന പാതകൾ സഞ്ചാരയോഗ്യമെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റണം. വഴിവിളക്കുകൾ ഉറപ്പാക്കണം. തീർത്ഥാടകർക്ക് ദാഹം ജലവും ലഭ്യമാക്കണം. മുൻവർഷങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഏറ്റവും കുറഞ്ഞ തീർത്ഥാടനകാലമാണ് ഈ വർഷത്തേതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
എം.എൽ.എമാരായ പ്രമോദ് നാരായൺ, കെ.യു.ജനീഷ് കുമാർ, ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ ജി.സുന്ദരേശൻ, എ.അജികുമാർ, എ.ഡി.ജി.പി എസ്.ശ്രീജിത്ത്, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ, ശബരിമല എ.ഡി.എം ഡോ.അരുൺ എസ് നായർ, ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ്, എക്‌സിക്യുട്ടീവ് ഓഫീസർ മുരഹരി ബാബു, ദേവസ്വം പൊതുമരാമത്ത് ചീഫ് എൻജിനീയർ രഞ്ജിത്ത് ശേഖർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മണ്ഡലപൂജ കാലയളവിൽ ദർശനം നടത്തിയവർ : 32,79,761
സ്‌പോട്ട് ബുക്കിംഗിലൂടെ എത്തിയവർ : 5,73,276
കാനനപാതയിലൂടെ എത്തിയവർ : 75,562
മകരവിളക്ക് ജനുവരി 14ന്
സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് ഏകോപനത്തോടെ പ്രവർത്തിച്ച് പരാതിരഹിത തീർത്ഥാടനം ഉറപ്പാക്കി.
വി.എൻ.വാസവൻ
ദേവസ്വം മന്ത്രി
യോഗത്തിലെ നിർദേശങ്ങൾ