s

പത്തനംതിട്ട: പത്തനംതിട്ടയിലെ സി.പി.എം നേതാക്കൾക്ക് പണത്തോട് ആർത്തിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ രൂക്ഷവിമർശനം. ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയിലെ ആമുഖപ്രസംഗത്തിലാണ് നേതാക്കൾക്കുള്ള താക്കീതിന്റെ സ്വരത്തിൽ ഗോവിന്ദൻ സംസാരിച്ചത്.

ചില നേതാക്കളുടെ ആഡംബര ജീവിതം, അനധികൃത പണം സമ്പാദനം എന്നിവ സംബന്ധിച്ച പരാതികൾ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. പേര് വയ്ക്കാത്ത നിരവധി കത്തുകളാണ് ലഭിക്കുന്നത്. ഭയവും ഭീഷണിയും കാരണമാണ് പേര് വയ്ക്കാത്തതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പത്തനംതിട്ടയിലെ ചില പാർട്ടി നേതാക്കൾ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്ന് അകന്നു. ജില്ലാ ഘടകത്തിലും ചില ഏരിയ, ലോക്കൽ നേതൃത്വങ്ങളിലും വിഭാഗീയത രൂക്ഷമാണ്. ഇതിനെതിരെ കർശന നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. തിരുവല്ല ഏരിയ കമ്മിറ്റിയിലെ പ്രശ്നങ്ങൾ അദ്ദേഹം എടുത്തുപറയുകയും ചെയ്തു.

തിരുവല്ല നോർത്ത് ലോക്കൽ കമ്മിറ്റിയിൽ തർക്കം കാരണം സമ്മേളനം മാറ്റിവയ്ക്കുകയും സംസ്ഥാന സെക്രട്ടറി ഇടപെട്ട് വീണ്ടും നടത്തുകയും ചെയ്തിരുന്നു. പ്രതിനിധി ചർച്ചയ്ക്ക് തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ സംബന്ധിച്ച് ഏരിയ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ തമ്മിൽ ജില്ലാ സമ്മേളനത്തിൽ തർക്കമുണ്ടായി.