 
ചെങ്ങന്നൂർ: ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണം ഇഴയുന്നു. 2019ലാണ് സ്റ്റേഡിയ നിർമ്മാണത്തിന് തുടക്കമായത്. കിഫ്‌ബി ഫണ്ടിൽ നിന്ന് ഇതിനായി 49 കോടി അനുവദിച്ചിരുന്നു. രണ്ടു വർഷത്തിനകം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഇഴഞ്ഞു നീങ്ങുന്നത്. പെരുങ്കുളം പാടത്തെ ഇരുപതേക്കർ ഭൂമിയിൽ കോൺക്രീറ്റ് അസ്ഥികൂടമായി കിടക്കുന്നത് ചെങ്ങന്നൂരിന്റെ മാത്രമല്ല ജില്ലയുടെയാകെ കായിക സ്വപ്നമാണ്. പരിശീലനത്തിനു മികച്ച ഗ്രൗണ്ടും 400 മീറ്റർ സിന്തറ്റിക് ട്രാക്കുമില്ലാത്ത ജില്ലയിലെ കായിക താരങ്ങളുടെ പ്രതീക്ഷയായിരുന്നു ചെങ്ങന്നൂരിലെ ജില്ലാ സ്റ്റേഡിയം. മിനി സ്റ്റേഡിയം ജില്ലാ സ്റ്റേഡിയമാക്കുന്ന പദ്ധതി 2018ലാണ് പ്രഖ്യാപിച്ചത്. 15000 പേർക്ക് ഇരിക്കാവുന്ന ഗാല റിയോടു കൂടിയ സ്റ്റേഡിയത്തിൽ എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്ക്, ഫുട്‌ബാൾ ടർഫ്, ലോംഗ് ജംപ്, ട്രിപ്പിൾ ജംപ് പിറ്റുകൾ, മേപ്പിൾ വുഡ് പാകിയ ഇൻ ഡോർ കളിക്കളം, ഹോക്കി കോർട്ട്, രാജ്യാന്തര നിലവാരമുള്ള സ്വിമ്മിംഗ് പൂൾ, ഔട്ട്ഡോർ കോർട്ട്, ജിംനേഷ്യം, കളിക്കാർക്കുള്ള മുറികൾ, ഗസ്റ്റ് റൂമുകൾ, ഹോസ്റ്റലുകൾ എന്നിവയാണു വിഭാവനം ചെയ്തത്. കിറ്റ്കോയായിരുന്നു നിർവഹണ ഏജൻസി. 2019 ഫെബ്രുവരിയിൽ പദ്ധതിക്ക് തറക്കല്ലിട്ടു. നാലുവർഷം കൊണ്ട് ഇൻഡോർ സ്റ്റേഡിയത്തിന്റെ ചട്ടക്കൂട് ഏതാണ്ട് പൂർത്തിയായതോടെ നിർമ്മാണം നിലച്ചു. 65ശതമാനം പണി പൂർത്തിയായെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും പാതി പോലുമായിട്ടില്ല എന്നതാണ് വസ്തുത.
പുതിയ കരാർ നൽകും
സ്റ്റേഡിയത്തിന് കണ്ടെത്തിയ സ്ഥലം ഡേറ്റ ബാങ്കിൽപെട്ടതാണെന്ന പരാതിയുമായി ചിലർ കോടതിയെ സമീപിച്ചതും നിർമ്മാണം വൈകാനിടയാക്കി.
നിർമ്മാണത്തിലെ പാകപ്പിഴ ആരോപിച്ച് ഇതിനിടെ ജില്ലാ സ്റ്റേഡിയത്തിന്റെ നിർവഹണ ഏജൻസിയെ സർക്കാർ മാറ്റി. കിറ്റ്കോയ്ക്കു പകരം സ്പോർട്‌സ് കേരള ഫൗണ്ടേഷനാണ് പുതിയ നിർവഹണ ഏജൻസി. ശേഷിക്കുന്ന നിർമ്മാണം പുതിയ കരാർ കമ്പനിക്ക് നൽകും. ഇതിന് മുന്നോടിയായി എന്തെല്ലാം പണികൾ ബാക്കിയുണ്ടെന്ന എസ്റ്റിമേറ്റ് തയാറാക്കണം. അതിനു ശേഷമാകും ടെൻഡർ.
......................
നിർമ്മാണച്ചെലവ് 49കോടി
നിർമ്മാണ കാലാവധി 2വർഷം
തുടങ്ങിയത് 2019ൽ
പദ്ധതി പ്രഖ്യാപിച്ചത് 2018ൽ
...........................
അടുത്ത മാസം നടക്കുന്ന സരസ് മേളയ്ക്കു ശേഷം പണി പൂർത്തീയാകുമെന്ന് പ്രതീക്ഷിക്കുന്നന്നുണ്ട്.
മനോജ് എബ്രഹാം
(കായിക പ്രേമി)