
പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ല സമ്മേളനത്തിൽ സർക്കാരിനും പാർട്ടി സംസ്ഥാന നേതൃത്വത്തിനും വിമർശനം. നവകേരള സദസ് പ്രഹസനമായി. ഒരു പരാതി പോലും പരിഹരിക്കാൻ കഴിഞ്ഞില്ല. പൊലീസ് സ്റ്റേഷനുകളിൽ സി.പി.എമ്മുകാർക്ക് തടവും ബി.ജെ.പിക്കാർക്ക് തലോടലുമാണ്.
കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനും ദല്ലാൾ നന്ദകുമാറും തമ്മിലുള്ള ബന്ധത്തെ സംസ്ഥാന നേതൃത്വം എങ്ങനെ കാണുന്നുവെന്നും ചോദ്യമുയർന്നു. ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതിനേക്കാൾ ഗുരുതരമായ കാര്യം ദല്ലാളുമായുള്ള ബന്ധമാണ്. എന്നാൽ, ജാവദേക്കറെ കണ്ടതിന്റെ പേരിൽ മാത്രമാണ് ഇ.പിക്കെതിരെ സംസ്ഥാന നേതൃത്വം നടപടിയെടുത്തത്. ദല്ലാൾ വിഷയത്തിൽ സംസ്ഥാന നേതൃത്വം വ്യക്തമായ നിലപാട് വിശദീകരിച്ചില്ല.
ജി.സുധാകരൻ ശ്രദ്ധ കിട്ടാനായി നടത്തുന്ന പ്രസ്താവനകൾ പാർട്ടിക്ക് ദോഷമാകുന്നു. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞു. മന്ത്രി പരാജയമാണെന്ന് മല്ലപ്പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ തുറന്നടിച്ചു. എസ്.എഫ്.ഐയെ നിയന്ത്രിക്കണമെന്നും ആവശ്യമുയർന്നു. ജില്ല സമ്മേളനം ഇന്ന് സമാപിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ആർ.എസ്.എസുകാരുടെ
വരവിൽ ജാഗ്രത വേണം
ആർ.എസ്.എസ് പശ്ചാത്തലമുള്ളവർ പാർട്ടിയിലേക്ക് കടന്നുവരുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമുയർന്നു. ഭരണം മാറുമ്പോൾ ഇവർ മറ്റുചേരികളിലേക്ക് പാേയേക്കാം
ക്രിമിനൽ പശ്ചാത്തലമുള്ള ആർ.എസ്.എസ്, യുവമോർച്ച പ്രവർത്തകരെ അടുത്തിടെ ജില്ല നേതാക്കൾ പാർട്ടിയിലേക്ക് സ്വീകരിച്ചത് നല്ല പ്രവണതയാണോ എന്നു പരിശോധിക്കണം
'പാർട്ടിയിൽ അടൂർ ലോബി'
പത്തനംതിട്ട ജില്ല ഘടകത്തിൽ അടൂർ ലോബി പിടിമുറുക്കിയെന്ന് അടൂരിൽ നിന്നുതന്നെയുള്ള ഒരു പ്രതിനിധി ആരോപിച്ചു. ജില്ല സെക്രട്ടറി, സി.ഐ.ടി.യു, വ്യാപാരി വ്യവസായി യൂണിയൻ, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി, എസ്.എഫ്.ഐ ജില്ല പ്രസിഡന്റ്, പാലിയേറ്റീവ് ജില്ല കോ ഓർഡിനേറ്റർ എന്നിവരെല്ലാം അടൂരുകാരാണെന്ന് ഒരംഗം ചൂണ്ടിക്കാട്ടി. 'അടൂർ ജില്ല സമ്മേളനം' എന്ന് പറയണമെന്ന് പരിഹസിച്ചതിനെ, അടൂരിൽ നിന്നുള്ള മറ്റ് പ്രതിനിധികൾ എതിർത്തത് തർക്കത്തിനിടയാക്കി. നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി.
ജില്ല സെക്രട്ടറി:
ഉദയഭാനു ഒഴിയും
പുതിയ ജില്ല കമ്മിറ്റിയെ ഇന്ന് തിരഞ്ഞെടുക്കും. മൂന്നുടേം തുടർച്ചയായി സെക്രട്ടറിയായിരുന്ന കെ.പി.ഉദയഭാനു സ്ഥാനമൊഴിയും. മുൻ എം.എൽ.എ രാജു എബ്രഹാമിനാണ് പകരം സാദ്ധ്യത. ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ, പി.ജെ.അജയകുമാർ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ഡി.വൈ.എഫ്.ഐയുടെ പ്രതിനിധി എന്ന നിലയിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എ ജില്ല സെക്രട്ടേറിയറ്റിലെത്താൻ സാദ്ധ്യതയുണ്ട്.