അടൂർ: ശിവഗിരി തീർത്ഥാടനം മനുഷ്യമനസുകളെ കൂടുതൽ തെളിമയുള്ളതാക്കുമെന്ന് എസ്.എൻ.ഡി.പി.യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ പറഞ്ഞു. ടി.കെ.മാധവസൗധത്തിൽ നിന്ന് ശിവഗിരി മഹാസമാധി മന്ദിരത്തിലേക്ക് അടൂർ യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച അഞ്ചാമത് ശിവഗിരി ഗുരുകുലം തീർത്ഥാടന പദയാത്ര ജാഥാ ക്യാപ്റ്റൻ എബിൻ ആമ്പാടിക്ക് പീത പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ.മണ്ണടി മോഹനൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത് മണ്ണടി, ആശാനഗർ ശാഖാ പ്രസിഡന്റ് പഴകുളം ശിവദാസൻ എന്നിവർ സംസാരിച്ചു. പന്നിവിഴ ശാഖാ ഭാരവാഹികളായ സനിൽ കുമാർ, രാംരാജ്, ഷാജി എന്നിവർ ജാഥാക്യാപ്റ്റനെ ആദരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പിതാംബരധാരികളായ നൂറുകണക്കിന് ശ്രീനാരായണീയർ ധർമ്മ പതാകയും കൈയിലേന്തി ശിവഗിരിയിലേക്ക് യാത്ര തിരിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തൃക്കണ്ണ മംഗലം എസ്.കെ.വി.വി. ഹയർ സെക്കൻഡറി സ്കൂളിൽ അദ്യ ദിനം പദയാത്ര സമാപിച്ചു. തുടർന്ന് സമൂഹ പ്രാർത്ഥനയും മംഗളാരതിയും നടത്തി. ഇന്ന് രാവിലെ ഇവിടെ നിന്ന് ആരംഭിക്കുന്ന പദയാത്ര രാത്രി 7.30ന് പാരിപ്പള്ളി അമൃത സ്കൂളിൽ സമാപിക്കും. എസ്.എൻ.ഡി.പി യോഗം പാരിപ്പള്ളി ശാഖ, കെ.കെ വിശ്വനാഥ മെമ്മോറിയൽ പാരിപ്പള്ളി സൗത്ത് ശാഖ, പാമ്പുറം ശാഖ, കുളമട ശാഖകൾ സംയുക്തമായി സ്വീകരണം നൽകും. മൂന്നാം ദിവസം വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വർക്കല കോളേജിൽ രാത്രി 9ന് എത്തി വിശ്രമിക്കും. ജനുവരി ഒന്നിന് രാവിലെ 9ന് പദയാത്ര ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും. തുടർന്ന് മഹാ കാണിക്ക സമർപ്പിച്ചശേഷം സമൂഹപ്രാർത്ഥന നടത്തും.