
കോന്നി : മൂന്ന് ദിവസമായി നടന്നുവരുന്ന സി.പി.എം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.
രണ്ടുദിവസങ്ങളിലായി തുടർന്ന പ്രവർത്തന റിപ്പോർട്ട് അവതരണത്തിനും ചർച്ചയ്ക്കും സംസ്ഥാന സെക്രട്ടറി എം.പി.ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും മറുപടി നൽകി.
ഇന്ന് രാവിലെ 10ന് പുതിയ ജില്ലാ സെക്രട്ടറിയെയും സെക്രട്ടറിയേറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ സെക്രട്ടറിയെ കണ്ടെത്താനുള്ള നീക്കമാണ് നടക്കുന്നത്. മൂന്നാംതവണ പൂർത്തിയാക്കിയ കെ.പി.ഉദയഭാനു ഇത്തവണ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയും. വൈകിട്ട് നാലിന് എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി മൈതാനിയിലേക്ക് പ്രകടനം നടക്കും. 25,000 പേർ പങ്കെടുക്കും. 10000 റെഡ് വോളണ്ടിയേഴ്സ് പങ്കെടുക്കുന്ന പരേഡും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പുതിയ ജില്ലാ സെക്രട്ടറി അദ്ധ്യക്ഷതവഹിക്കും.