d

ചെന്നീർക്കര : കക്കൂസ് കുഴിയിൽ വീണ പശുവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. ചെന്നീർക്കര മുറിപ്പാറ തേമ്പിക്കടവ് ഭാഗത്തു വർഷങ്ങളായി ഉപയോഗിക്കാതിരുന്ന 30 അടിയോളം താഴ്ചയുള്ള കക്കൂസ് കുഴിയിൽ വീണ ഗർഭിണിയായ പശുവിനെയാണ് രക്ഷപ്പെടുത്തിയത്. സ്ലാബ് തകർന്ന് പശു വീഴുകയായിരുന്നു. ചെന്നീർക്കര തോമ്പിപടിഞ്ഞാറ്റിൽ ഗോപിയുടെ 8 മാസം ഗർഭിണിയായ പശുവാണ് കുഴിയിൽ

അകപ്പെട്ടത്. വായുസഞ്ചാരം കുറവായിരുന്നതും മണ്ണ് ഇടിഞ്ഞു വീഴാൻ സാദ്ധ്യത ഉണ്ടായിരുന്നതുമായ കുഴിയിൽ എയർ സിലിണ്ടർ തുറന്ന് വിട്ട് അഗ്നി രക്ഷാസേനാ അംഗങ്ങൾ ഇറങ്ങി ഹോസും റോപ്പും ഉപയോഗിച്ച് കെട്ടി മുകളിലേക്ക് കയറ്റാൻ ശ്രമിക്കവെ പശുവിന് അനങ്ങാൻ പറ്റാതെയായി. ഉടൻ സമീപത്ത് അച്ചൻകോവിലാറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കുഴി നിറച്ചു. കെട്ടിയിരുന്ന ഹോസിൽ പിടിച്ചു ഉയർത്തി പശുവിനെ കരയിൽ എത്തിച്ചു.

ഉച്ചക്ക് 1.30 ഓടെ ആരംഭിച്ച രക്ഷപ്രവർത്തനം വൈകിട്ട് 4.15 വരെ തുടർന്നു.

പത്തനംതിട്ട അഗ്നി രക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.സാബുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.