
പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കുമ്പഴ ഇട്ടിമൂട്ടിൽപ്പടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനിബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് 3 ന് ആയിരുന്നു സംഭവം. തീർത്ഥാടകർ സഞ്ചരിച്ച ബസ്, കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാറിൽ സഞ്ചരിച്ച നെയ്യാറ്റിൻകര സ്വദേശികളായ സത്യഭാമ (75), മകൻ ബിനു കെ.നായർ (45), കൊച്ചുമകൻ രോഹിത് (23), വാഹനമോടിച്ച തൗസിഫ് (28) എന്നിവർക്കും പരിക്കേറ്റു. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സത്യഭാമയ്ക്ക് തലയ്ക്കു സാരമായ പരിക്കുണ്ട്. സത്യഭാമയുടെ പൊൻകുന്നത്തുള്ള ബന്ധുവീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു ഇവർ. തമിഴ്‌നാട് സ്വദേശികളായ ഏഴു തീർത്ഥാടകർക്കും നിസാരപരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.