f

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ എൽ.ഡി.എഫ് പ്രചാരണത്തിൽ സി.പി.എം ജില്ല നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജില്ല സമ്മേളനത്തിലെ പ്രതിനിധി ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് ജില്ല നേതൃത്വത്തെ അദ്ദേഹം വീണ്ടും വിമർശിച്ചത്.

ജില്ലയിലെ നേതാക്കൾ പ്രചാരണത്തിൽ നിന്ന് ഒഴിഞ്ഞു നിന്ന സന്ദർഭങ്ങളുണ്ട്. പ്രവർത്തനം ഏകോപിപ്പിക്കേണ്ട നേതാക്കൾ മാറി നിന്നു. ജില്ലയിലെ നേതാക്കളിൽ പണക്കൊതിയും ആഡംബര ഭ്രമവും കൂടുകയാണെന്ന് കഴിഞ്ഞ ദിവസം പ്രതിനിധി ചർച്ചയ്ക്ക് തുടക്കമിട്ട് ഗോവിന്ദൻ പറഞ്ഞിരുന്നു. പ്രവർത്തനത്തിൽ പോരായ്മകളുണ്ടായതു കൊണ്ടാണ് ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതെന്നും ഗോവിന്ദൻ വിശദീകരിച്ചു.

അതേസമയം, ജില്ല സെക്രട്ടറിയുടെ പ്രവർത്തനങ്ങൾക്കെതിരായ വിമർശനങ്ങൾക്ക് കെ.പി. ഉദയഭാനു മറുപടി നൽകിയില്ല. പാർട്ടിയിലെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോരുന്നതിൽ അദ്ദേഹം രോഷം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ തമ്മിലടിച്ചുവെന്ന് മാദ്ധ്യമങ്ങൾക്ക് വാർത്ത കൊടുത്തു. ജില്ല സെക്രട്ടേറിയറ്റിൽ ആരെങ്കിലും എഴുന്നേറ്റു നിന്നു സംസാരിച്ചാൽ ആ നിമിഷം പുറത്ത് വാർത്തയാകുമെന്നും ഉദയഭാനു പറഞ്ഞു.