
പത്തനംതിട്ട: 2024 വിടവാങ്ങുന്നത് സങ്കടകരമായ ഒട്ടേറെ വാർത്തകൾ ജില്ലയ്ക്ക് സമ്മാനിച്ചാണ്. പലതരം ദുരന്തങ്ങളുടെ നടുക്കം നൽകിയ വർഷം.
1. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത മേയ് 8ന് അമേരിക്കയിൽ അന്തരിച്ചു. അമേരിക്കയിൽ പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് ചികിത്സയിലിരിക്കെയാണ് മരണം. തിരുവല്ലയിലുള്ള നിരണത്ത് 1950ൽ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച കടപ്പിലാറിൽ പുന്നൂസ് യോഹന്നാൻ കെ.പി യോഹന്നാൻ എന്ന പേരിൽ ആദ്ധ്യാത്മിക രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമാവുകയായിരുന്നു.
2. കുവൈറ്റിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ജില്ലയിലെ അഞ്ച് പേരുടെ ജീവൻ നഷ്ടമായി. കീഴ്വായ്പ്പൂര് സ്വദേശി സിബിൻ, പന്തളം സ്വദേശി ആകാശ്, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി മുരളീധരൻ, തിരുവല്ല സ്വദേശി ജോബി, കോന്നി സ്വദേശി സജു വർഗീസ് എന്നിവരാണ് മരിച്ചത്. ജൂൺ 13നായിരുന്നു അപകടം.
3. യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിനെ തുടർന്ന് കണ്ണൂർ എ.ഡി.എമ്മും മലയാലപ്പുഴ സ്വദേശിയുമായ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം തീരാനോവായി. സർവീസിൽ നിന്ന് വിരമിക്കാൻ 7 മാസം മാത്രമായിരുന്നു ബാക്കി. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിന് ശേഷമുള്ള യാത്രയയപ്പ് യോഗത്തിലായിരുന്നു വിമർശനം. ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
4. ഹിമാചലിലെ മഞ്ഞുമലയിൽ 56 വർഷം മുമ്പ് വിമാനം തകർന്ന് മരിച്ച സൈനികൻ ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തി നാട്ടിൽ സംസ്കരിച്ചത് വേറിട്ട സംഭവമായി. 1968 ഫെബ്രുവരി ഏഴിനാണ് ഹിമാചൽ പ്രദേശിലെ റോത്താേംഗ് പാസിൽ വച്ച് 102 സൈനികർ സഞ്ചരിച്ച വ്യോമസേന വിമാനം കാണാതായത്. ഒൻപതുപേരുടെ മൃതദേഹങ്ങൾ മാത്രമേ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. കഴിഞ്ഞ ഒക്ടോബർ 3നാണ് തോമസ് ചെറിയാന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.
5. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി മുറിഞ്ഞകലിൽ നവദമ്പതികളടക്കം നാലുപേർ മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. കുമ്പഴ മല്ലശ്ശേരി പുത്തേതുണ്ടിയിൽ നിഖിൽ മത്തായി, പിതാവ് മത്തായി ഈപ്പൻ, ഭാര്യ അനു ബിജു, അനുവിന്റെ പിതാവ് ബിജു പി. ജോർജ് എന്നിവരാണ് മരിച്ചത്. ഡിസംബർ 15 ന് പുലർച്ചെയായിരുന്നു അപകടം. നിഖിലും അനുവും വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാൻ മലേഷ്യയിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.
6. കുമ്പഴയിൽ അഞ്ചു വയസുകാരിയായ തമിഴ് ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് വധ ശിക്ഷ. 2021 ഏപ്രിൽ 5 ന് ഉച്ചയ്ക്ക് 2.30നാണ് കേസിനാസ്പാദമായ സംഭവം. കുമ്പഴയിൽ മാതാവിനും രണ്ടാനച്ഛനായ രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യനും ഒപ്പം താമസിക്കുകയായിരുന്നു കുട്ടി. സമീപത്തെ വീട്ടിലെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാവ് കുട്ടി ചലനമറ്റ് കിടക്കുന്നത് കണ്ട് വിവരം തിരക്കിയപ്പോൾ അലക്‌സ് ഇവരെ മർദ്ദിച്ചു. തുടർന്ന് ഇവർ അയൽവാസികളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. മർദ്ദിച്ചും പീഡിപ്പിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. കത്തി, സ്പൂൺ എന്നിവ ഉപയോഗിച്ചാണ് മുറിവേൽപ്പിച്ചത്.