റാന്നി: മലയോര മേഖലകളിൽ കാട്ടാനകൾ വ്യാപക കൃഷി നാശം വരുത്തുന്നതായി പരാതി. വടശേരിക്കര ഒളികല്ലിലാണ് കാട്ടാന ശല്യത്തിൽ നാട്ടുകാർ വലയുന്നത്. കാടു വിട്ട് ജനവാസ മേഖലയിലെത്തുന്ന കാട്ടാനകൾ കാർഷിക വിളകൾ ചവിട്ടിമെതിച്ചു കളയുന്നതിനൊപ്പം തെങ്ങും കവുങ്ങും പ്ലാവുമെല്ലാം തള്ളി മറിച്ചിട്ടാണ് മടങ്ങുന്നത്.കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെ എത്തിയ ആന ഒളികല്ല് ആലക്കൽ സാഹിൽ പ്രദീപ്,കാലായിൽ സനിൽ കുമാർ എന്നിവരുടെ കൃഷികൾ നശിപ്പിച്ച ശേഷമാണ് മടങ്ങിയത്. സനിൽകുമാറിന്റെ 22മൂടോളം കുലച്ച വാഴകളും അൻപതിൽ പരം മരച്ചീനിയും ആന നശിപ്പിച്ചു.എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കാടിനോടു ചേർന്നു നിർമ്മിച്ച സോളാർ വേലി ഉപയോഗ ശൂന്യമാണ്. കാടിറങ്ങുന്ന ആനകൾ മരച്ചില്ലകൾ വേലിക്കുമുകളിലേക്ക് ഒടിച്ചിടുന്നതോടെ വൈദ്യുതി ബന്ധം നിലയ്ക്കും. ഇതോടെ വന്യമൃഗങ്ങൾക്ക് ജനവാസ മേഖലകളിലേയ്ക്ക് ഇറങ്ങുന്നതിന് ഒരു പ്രയാസവും ഉണ്ടാവില്ല. വടശേരിക്കരയ്ക്ക് പിന്നാലെ കൊച്ചുകുളം,ചണ്ണ മേഖലകളിലും കാട്ടാനയുടെ ശല്യം രൂക്ഷമാണ്. കാട്ടുപന്നിയും,കുരങ്ങുകളും,മലയണ്ണാനും കൃഷി നശിപ്പിക്കുന്നതിന് പിന്നാലെയാണ് കാട്ടാനകളുടെ വിളയാട്ടം.