raju

കോന്നി: രാജു എബ്രഹാമിനെ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം ഐകകണ്ഠേന തിരഞ്ഞെടുത്തു. റാന്നി ഏരിയ സെക്രട്ടറി പി.ആർ. പ്രസാദാണ് രാജു എബ്രഹാമിന്റെ പേര് നിർദ്ദേശിച്ചത്. മറ്റു പേരുകൾ ഉയർന്നുവന്നില്ല. 63കാരനായ രാജു എബ്രഹാം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. 1996 മുതൽ തുടർച്ചയായി 25 വർഷം റാന്നി എം.എൽ.എയായിരുന്നു.

കെ.പി. ഉദയഭാനു സെക്രട്ടറിയായി തുടർച്ചയായി മൂന്ന് ടേം പൂർത്തിയാക്കിയതിനെ തുടർന്നാണ് രാജുവിനെ തിരഞ്ഞെടുത്തത്. എസ്.എഫ്.ഐയിലൂടെയാണ് രാജു പൊതുരംഗത്തെത്തിയത്. റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാനായിരുന്നു. ഭാര്യ: ടീന. മക്കൾ: ഹെൻട്രി, റബേക്ക, രഹൻ.

അച്ചടക്ക നടപടിയിലൂടെ തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയ ഫ്രാൻസിസ് വി. ആന്റണി ജില്ലാ കമ്മിറ്റിയിലെത്തി. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിൻ, പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി സി.എം. രാജേഷ് , ഇരവിപേരൂർ ഏരിയാ സെക്രട്ടറി ടി.കെ. സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ചന്ദ്രമോഹൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി.നിസാം എന്നിവരും ജില്ലാ കമ്മിറ്റിയിലുണ്ട്.

കെ.പി. ഉദയഭാനു, അഡ്വ. പീലിപ്പോസ് തോമസ്, കെ.സി. രാജഗോപാലൻ, കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് ​ കെ.കെ. ശ്രീധരൻ, നിർമ്മലാദേവി, ബാബു കോയിക്കലേത്ത് എന്നിവർ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവായി.

 വിഭാഗീയത വെല്ലുവിളി

ജില്ലയിലെ പാർട്ടിയിലുള്ള വിഭാഗീയത ഇല്ലാതാക്കുകയാണ് രാജു എബ്രഹാമിന് മുന്നിലെ വെല്ലുവിളി. ജില്ലാ സെക്രട്ടേറിയറ്റിൽ കെ.പി. ഉദയഭാനു അനുകൂലികളും എതിർക്കുന്നവരുമായി രണ്ടുചേരിയുണ്ട്. തിരുവല്ല ഏരിയ കമ്മിറ്റിയിലാണ് കൂടുതൽ വിഭാഗീയത. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും അഞ്ച് നിയമസഭാ മണ്ഡലങ്ങളും കൈയിലിരുന്നിട്ടും പത്തനംതിട്ട പാർലമെന്റിൽ ജയിക്കാത്തത് ജില്ലാ നേതൃത്വത്തിന്റെ വലിയവീഴ്ചയായി സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സീറ്റുകൾ നഷ്ടപ്പെടാതെ പാർട്ടിയെ നയിക്കേണ്ട ഉത്തരവാദിത്വവും പുതിയ സെക്രട്ടറിക്കാണ്.