 
മല്ലപ്പള്ളി : കാൽനട യാത്ര പോലും ദുസഹമായി നരകയാത്ര നടത്തേണ്ടി വരുന്ന റോഡിൽ 15 ലക്ഷം രൂപ ചിലവഴിച്ച് റോഡിന്റെ വശങ്ങൾ ഐറിഷ് ചെയ്തായി ആക്ഷേപം ശക്തമാകുന്നു. അത്യാൽ -പാപ്പനാട് റോഡിനാണ് ഈ ദുരവസ്ഥ.കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന പാതയാണിത്. റോഡിന് തുക അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടായെങ്കിലും പുനരുദ്ധാരണ പ്രവർത്തികൾ നടത്താതെ വശങ്ങളിൽ കോൺക്രീറ്റിംഗ് നടത്തിയതെന്ന ആക്ഷേപവും ഇതോടെ ശക്തമായി. ഈ റോഡിൽ ഒരു ഭാഗത്തും പൂർണമായി ടാറിംഗ് കാണാൻ കഴിയില്ല. പലയിടങ്ങളിലായി മെറ്റൽ ചിതറി കുഴികൾ രൂപപ്പെട്ട നിലയിലാണ്. കോട്ടാങ്ങൽ -പാടിമൺ റോഡിൽ പാപ്പനാട്ടുനിന്ന് ആരാഭിച്ച് ചാലാപ്പള്ളി - കോട്ടാങ്ങൽ റോഡിൽ പുന്നനിൽക്കും നിരവയിൽ ചേരുന്ന റോഡാണിത്. വായ്പൂര് , കുളത്തൂർ മേഖലകളിൽ നിന്നും റാന്നി, കോഴഞ്ചേരി എന്നീ റോഡുകളിലേക്ക് പ്രവേശിക്കുവാനുള്ള ദൂരം കുറഞ്ഞ ബൈപാസ് റോഡായും ഉപയോഗിക്കാം. കണ്ടംപേരൂർ,കരിയംപ്ലാവ് എന്നിവിടങ്ങളിൽ നിന്നും പുന്നവേലി, ആനിക്കാട്, പത്തനാട് കങ്ങഴ എന്നിവിടങ്ങളിലേക്ക് എത്താൻ പ്രാധാന പാതകളിലേക്ക് പ്രവേശിക്കുന്നതിനുള്ള എളുപ്പവഴിയാണ്.
അറ്റകുറ്റപ്പണി നടത്തിയിട്ട് നാളുകൾ
അറ്റകുറ്റപ്പണികൾ നടത്തിയിട്ട് കാലങ്ങളായ റോഡിൽ മുൻപ് മൂന്ന് സ്വകാര്യബസും രണ്ട് കെ.എസ്ആർ.ടി.സിയും 12 ചാലുകൾ സർവീസ് നടത്തിയിരുന്നു. കാൽനടയാത്രപോലും പറ്റാത്ത റോഡിൽ ടാക്സി വാഹനങ്ങളും ഇപ്പോൾ എത്താറില്ല. ഇരുചക്ര ചെറുകിട വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. ഒരു വർഷത്തിനിടയിൽ 8 അപകടങ്ങളാണ് നടന്നത്. അവശ്യ സർവീസുകൾക്കുപോലും വാഹനം എത്താൻ കഴിയാത്ത റോഡിലാണ് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച തുകയിൽ വശങ്ങളിലെ കോൺക്രീറ്റ് നടത്തിയതെന്ന ആക്ഷേപം ശക്തമാണ്.
.....................................
സാധാരണ നിലയിൽ റോഡിന്റെ നവീകരണത്തിന് ശേഷമാണ് ഐറിഷ് ജോലികൾ നടത്താറുള്ളത്. റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കാതെ ഐറിഷ് ജോലികൾ നടത്തിയ അധികൃതർ റോഡ് കാണാതെ പദ്ധതി വിഭാവനം ചെയ്തിരിക്കുകയാണ്.
(പ്രദേശവാസികൾ)
................
15 ലക്ഷം രൂപയുടെ ഐറിഷ്
.............................
ഒരു വർഷത്തിനിടയിൽ 8 അപകടങ്ങൾ