
കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ യുഡിഎഫ് അംഗങ്ങൾ അവിശ്വാസപ്രമേയം നൽകിയത് ചർച്ചയ്ക്കെടുക്കുന്നതിന് മുമ്പായി വൈസ് പ്രസിഡന്റ് നീതു ചാർലി രാജിവച്ചു..ഇളകൊള്ളൂർ ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡി.എഫ് വിജയിച്ചതോടെ 13 അംഗ ഭരണസമിതിയിലെ കക്ഷിനില യുഡിഎഫ് 7, എൽഡിഎഫ് 6 എന്ന നിലയിലായിരുന്നു. തുടർന്നാണ് സിപിഐ അംഗമായ വൈസ് പ്രസിഡന്റിനെതിരെ യു ഡി എഫിലെ 7 അംഗങ്ങൾ ചേർന്ന് അവിശ്വാസം നൽകിയത്. വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയ വേർതിരിവ് കാണിക്കുന്നതിലൂടെ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് തടസംനിൽക്കുന്ന വൈസ് പ്രസിഡന്റിനോടുള്ള അവിശ്വാസം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകുകയായിരുന്നു. ഭരണസമിതിയുടെ തുടക്കത്തിൽ യുഡിഎഫ് 7 ,എൽഡിഎഫ് 6 ,എന്നായിരുന്നു കക്ഷിനില . ആറ് മാസങ്ങൾക്ക് ശേഷം കൂറുമാറ്റത്തിലൂടെ ഒരു അംഗം എൻഡിഎഫിൽ എത്തിയതോടെ എൽഡിഎഫ് 7, യുഡിഎഫ് 6 എന്നായി. ഇതോടെ ഭരണം എൽഡി.എഫിന് ലഭിച്ചു. കൂറുമാറിയ ജിജി സജിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയതോടെ കക്ഷിനില 6 - 6 എന്നായി, നറുക്കെടുപ്പിലൂടെ യുഡിഎഫ് അംഗം എം.വി അമ്പിളി വീണ്ടും പ്രസിഡന്റായി. വൈസ് പ്രസിഡന്റായി നീതു ചാർലി തുടരുകയും ചെയ്തു. തുടർന്ന് ഉപതിരഞ്ഞെടുപ്പിലൂടെ യുഡിഎഫിലെ ജോളി ഡാനിയൽ വിജയിച്ച് യുഡിഎഫിന് 7 അംഗങ്ങളായി. തുടർന്നാണ് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം നൽകുന്നതിന് യു ഡി എഫ് തീരുമാനിച്ചത്. വൈസ് പ്രസിഡന്റ് രാജി നൽകിയതോടെ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കേണ്ടി വന്നില്ല.