തിരുവല്ല : സമൂഹത്തിൽ കണ്ടുവരുന്ന വിവാഹേതര ബന്ധങ്ങൾ കുടുംബങ്ങളെ ശിഥിലമാക്കുന്നതിനൊപ്പം കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി സതീദേവി പറഞ്ഞു. വനിതാകമ്മിഷൻ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മക്കളെ ഉപകരണമായി കണ്ട് മാതാപിതാക്കൾ അവരവരുടെ ഭാഗത്തെ ന്യായീകരിക്കുമ്പോൾ കുട്ടികളുടെ ഭാവിയാണ് നശിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ നേഴ്‌സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അവസാന വർഷ വിദ്യാർത്ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോർട്ട് തേടിയതായും സതീദേവി പറഞ്ഞു. അദാലത്തിൽ ലഭിച്ച 57 പരാതികളിൽ 12 എണ്ണം ഒത്തുതീർപ്പാക്കി. അഞ്ചെണ്ണം പൊലീസ് റിപ്പോർട്ടിനും നാലെണ്ണം ജാഗ്രതാസമിതി റിപ്പോർട്ടിനുമായി അയച്ചു. സൗജന്യ നിയമസഹായത്തിനായി ജില്ലാ നിയമ സഹായ വേദിയിലേക്ക് രണ്ട് പരാതി കൈമാറി. പുതിയതായി ഒരു പരാതി ലഭിച്ചു. 34 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷൻ അംഗങ്ങളായ അഡ്വ.എലിസബത്ത് മാമ്മൻ മത്തായി, വി.ആർ മഹിളാമണി, അഭിഭാഷകരായ സിനി, രേഖ, പൊലിസ് ഉദ്യോഗസ്ഥർ, ഐ.സി.ഡി.എസ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.