cpm

നാലുദിവസം നീണ്ട പത്തനംതിട്ട സി.പി.എം ജില്ലാസമ്മേളനത്തിന് കൊടിയിറങ്ങിയപ്പോൾ നേതൃത്വത്തിൽ പുതുയുഗം പിറന്നു. തുടർച്ചയായി മൂന്നു ടേം പാർട്ടിയെ നയിച്ച ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ചുമതല ഒഴിഞ്ഞു. രാജു എബ്രഹാമാണ് പുതിയ ജില്ല സെക്രട്ടറി. കർക്കശമായ അച്ചടക്കമായിരുന്നു ഉദയഭാനുവിന്റെ പ്രവർത്തന ശൈലിയുടെ പ്രത്യേകത. പാർട്ടിയുടെ ജനകീയമുഖമാണ് രാജു എബ്രഹാം. അറുപത്തിയൊന്നുകാരനായ രാജുവിന് പാർട്ടിയെ നയിക്കാനുളള കൈയടക്കമുണ്ട്. മുൻ റാന്നി എം.എൽ.എ എന്ന നിലയിൽ പൊതുജനങ്ങളുമായും പാർട്ടി പ്രവർത്തകരുമായും ഇഴയടുപ്പമുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം, ബഹുജന സംഘടനാ നേതാവ് എന്നീ നിലകളിൽ ജില്ലയിൽ എല്ലായിടത്തും യാത്ര ചെയ്തിട്ടുള്ളയാളാണ്. റാന്നി കണ്ടനാട്ടു കുടുംബാംഗമാണ്. എസ്.എഫ്.ഐയിൽ നിന്ന് പടിപടിയായി ഉയർന്ന് ഡി.വൈ.എഫ്.ഐയിലും സി.പി.എമ്മിലുമെത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരിക്കെയാണ് 1996ൽ റാന്നി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ച് നിയമസഭയിലെത്തിയത്. തുടർച്ചയായി അഞ്ചു തവണ റാന്നിയെ അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചു. ഇക്കാല‍യളവിലാണ് സി.പി.എം ജില്ലാ കമ്മിറ്റിയിലെത്തിയത്. കഴിഞ്ഞ സമ്മേളന കാലയളവിനുശേഷം സംസ്ഥാന സമിതിയംഗവുമായി. എം.എൽ.എ ആയിരിക്കെ രാഷ്ട്രീയത്തിലുപരി രാജു എബ്രഹാമിന് ലഭിച്ച പൊതു സ്വീകാര്യത ഇനി ജില്ലയിൽ സി.പി.എം പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകും. ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ആദ്യമേ ഉയർന്ന പേര് രാജു എബ്രഹാമിന്റേതായിരുന്നു. ഇതിനിടയിൽ ജില്ലയിലേക്ക് പ്രവർത്തനമേഖല മാറ്റിയ തോമസ് ഐസക്കിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നശേഷവും രാജു ഏബ്രഹാം സ്ഥാനാർത്ഥിയായിരുന്നെങ്കിൽ വിജയിക്കാമായിരുന്നുവെന്ന ചർച്ചകളുമുണ്ടായി. രാജുവിനെ പാർട്ടി ചുമതലകൾ ഏൽപ്പിക്കുമെന്നായിരുന്നു പിന്നീടുള്ള ചർച്ചകൾ. ഉദയഭാനുവിന് പിൻഗാമിയായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് രാജു എബ്രഹാമിനാണ് കൂടുതൽ സാദ്ധ്യതയെന്ന് വിലയിരുത്തലുകളുണ്ടായി. ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് രാജു എബ്രഹാമിന്റെ പേര് മാത്രമാണ് നിർദ്ദേശിക്കപ്പെട്ടത്.

പാർട്ടിയെ ഐക്യത്തോടെ കൊണ്ടുപോവുകയാണ് ലക്ഷ്യമെന്ന് രാജു എബ്രഹാം പറയുന്നു. സർക്കാരുമായി ചേർന്ന് ജനങ്ങൾക്ക് സഹായത്തിന് ശ്രമിക്കും. നല്ലൊരു ടീമിനെയാണ് ഈ സമ്മേളനം തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലാ കമ്മിറ്റിക്കു പുറത്ത് യോഗ്യരായവർ നിരവധി പേരുണ്ട്. പുതുതലമുറയെ അടക്കം ചേർത്തു പിടിച്ചുള്ള പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്. തെറ്റായ പശ്ചാത്തലമുള്ളവരെ തെറ്റുതിരുത്തി പാർട്ടിയോടൊപ്പം നിറുത്തുന്നതാണ് മാർക്സിസ്റ്റ് രീതി. സ്ഥാനമൊഴിഞ്ഞ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു തുടങ്ങിവച്ച പ്രവർത്തന മാതൃകയിൽ എത്താൻ എളുപ്പമല്ലെങ്കിലും പരമാവധി ശ്രമിക്കുമെന്ന് രാജു എബ്രഹാം പറയുന്നു.

ഉദയഭാനു പാർട്ടിയെ

ശക്തിപ്പെടുത്തി

ജില്ലയിൽ സി.പി.എം അസാധാരണ ശക്തിയും വിജയവും കൈവരിച്ചത് കെ.പി ഉദയഭാനു ജില്ലാ സെക്രട്ടറിയായിരുന്ന ഒൻപത് വർഷക്കാലത്താണ്. യു.ഡി.എഫ് കോട്ടയെന്ന് ജില്ലയെ വിശേഷിപ്പിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ ചരിത്രം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മാറ്റിയെഴുതി. അഞ്ച് നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫിന്റെ പിടിയിലാക്കി. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും എൽ.ഡി.എഫ് അധികാരത്തിൽ വന്നു. സഹകരണ ബാങ്കുകൾ പലതും യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. പത്തനംതിട്ട പാർലമെന്റ് മണ്ഡലം മാത്രമാണ് എൽ.ഡി.എഫിന് ബാലികേറാമലയായി മുന്നിലുള്ളത്.

മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ സി.പി.എമ്മിലെത്തിച്ചു. താഴെത്തട്ടിലുള്ള കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരെയും സി.പി.എമ്മിലെത്തിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചു. അടുത്തിടെ കാപ്പാ കേസ് പ്രതികളും ഗുണ്ടകളും സി.പി.എമ്മിലെത്തിയത് വിവാദമാവുകയും ചെയ്തു. പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളിൽ രൂപംകൊണ്ട വിഭാഗീയത ഇല്ലാതാക്കുന്നതിൽ വീഴ്ചപറ്റിയെന്ന് വിമർശനം നേരിട്ടു. അടൂർ ലോബിയുടെ ആളെന്ന ആക്ഷേപങ്ങൾക്കും ഇരയായി. ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ ശക്തമായ വിമർശനം നേരിട്ടു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രവർത്തനം കാര്യക്ഷമമായില്ലെന്ന് സംസ്ഥാന സെക്രട്ടറി വിലയിരുത്തി.

പാർട്ടിക്കുവേണ്ടി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സംഘാടകനായിട്ടാണ് അവിവാഹിതനായ ഉദയഭാനു അറിയപ്പെടുന്നത്. ജില്ലയിലെ ബ്രാഞ്ച് ഘടകങ്ങളിലും കുടുംബയോഗങ്ങളിലും സജീവമായി പങ്കെടുത്ത് അടിത്തറ ശക്തിപ്പെടുത്തിയും അംഗസംഖ്യ വർദ്ധിപ്പിച്ചും പാർട്ടിയെ ചലനാത്മകമാക്കിയാണ് അദ്ദേഹം ചുമതല ഒഴിഞ്ഞത്.

കരുത്തുകാട്ടിയ

ജില്ലാ സമ്മേളനം

കോന്നിയിൽ ആദ്യമായിട്ടാണ് സി.പി.എം ജില്ലാ സമ്മേളനം നടന്നത്. നഗരത്തെ ചെങ്കടലാക്കി ആയിരങ്ങൾ അണിനിരന്ന പ്രകടനവും നടന്നു. യു.ഡി.എഫ് കേന്ദ്രമായിരുന്ന കോന്നിയെ സി.പി.എമ്മിലെ കെ.യു ജനീഷ് കുമാർ ചുവപ്പിച്ചു. സി.പി.എമ്മിന് അടിസ്ഥാന വോട്ടുകൾ ഏറെയുണ്ടെങ്കിലും കോന്നി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയെന്നത് വെല്ലുവിളിയായിരുന്നു. കോന്നിയെ യു.ഡി.എഫിനൊപ്പം നിറുത്തിയ അടൂർ പ്രകാശ് ആറ്റിങ്ങൽ എം.പിയായതോടെയാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതിരഞ്ഞെടുപ്പിലും പിന്നാലെ ന‌ടന്ന പൊതുതിരഞ്ഞെടുപ്പിലും ജനീഷ് കുമാർ വിജയിച്ചതോടെ കോന്നി സി.പി.എമ്മിന്റേതായി മാറി. ജില്ലാ സമ്മേളനത്തോടെ പാർട്ടിയുടെ ശക്തി പ്രകടനത്തിനും കോന്നി വേദിയായി. പാർട്ടിയിലെ ചില അനഭിലഷണീയ പ്രവണത തുറന്നുകാട്ടിയാണ് ജില്ലാ സമ്മേളനത്തിൽ സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ സംസാരിച്ചത്. പാർട്ടി ശക്തിപ്പെട്ടെങ്കിലും നേതാക്കളുടെ പണത്തോടും ആഡംബര ജീവിതത്തോടുമുള്ള ആർത്തി കൂടിയെന്ന് ഗോവിന്ദൻ മുന്നറിയിപ്പു നൽകി. ജില്ലയിലെ നേതാക്കൾക്കെതിരെ സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതികൾ ജില്ലാ കമ്മറ്റി അയച്ചുകൊടുത്തെങ്കിലും അന്വേഷണമോ നടപടിയോ ഉണ്ടാകാതിരുന്നത് ഗുരുതര തെറ്റാണെന്ന് അദ്ദേഹം പ്രതിനിധി ചർച്ചയിൽ പറഞ്ഞു. പേര് വയ്ക്കാത്ത പരാതികളാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചത്. അത് ഭയംകൊണ്ടായിരിക്കും. ജില്ലാ നേതൃത്വം പരാതികൾ അന്വേഷിക്കാൻ തയ്യാറാകാതിരുന്നതിനാൽ സംസ്ഥാന സമിതി പ്രത്യേകം അന്വേഷണ കമ്മിഷനെ നിയോഗിക്കുമെന്ന് വ്യക്തമാക്കിയാണ് ഗോവിന്ദൻ സമ്മേളനവേദി വിട്ടത്.