1

മല്ലപ്പള്ളി : മല്ലപ്പള്ളി -കുന്നന്താനം -തിരുവല്ല റോഡിൽ ഞാലിക്കണ്ടം മടുക്കോലി ജംഗ്ഷൻ അപകടമേഖലയാകുന്നു. ഒരു വർഷത്തിനിടയിൽ വലുതും ചെറുതുമായ 19 അപകടങ്ങളാണ് നടന്നിരിക്കുന്നത്. ജംഗ്ഷനിലെ രണ്ട് റോഡുകളിലും വേഗ നിയന്ത്രണ സംവിധാനമില്ലാത്തതും അമിത വേഗത്തിന് വഴിവയ്ക്കുന്നുണ്ട്. കല്ലൂപ്പാറ, മല്ലപ്പള്ളി എന്നിവിടങ്ങളിൽ നിന്നും ഇറക്കം ഇറങ്ങി അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടത്തിൽ പെടാതെ രക്ഷപ്പെടുന്നത്.ഇരു റോഡുകളിലുമായി കെ.എസ്.ആർ.ടി.സിയും, സ്വകാര്യ ബസുകളും ഭാരവാഹനങ്ങളും പായുകയാണ്.

സ്കൂൾ സമയങ്ങളിൽ ഈ ജംഗ്ഷനിൽ സ്കൂൾ വിദ്യാർത്ഥികൾ ജീവൻ പണയം വച്ചുവേണം റോഡ് മുറിച്ച് കടക്കുവാൻ.അപകട സാദ്ധ്യത ഒഴിവാക്കാനായി സിഗ്നൽ ലൈറ്റുകളോ, ഹമ്പുകളോ അടക്കമുള്ള വേഗ നിയന്ത്രണ ഗതാഗത സുരക്ഷാ സംവിധാനമോ സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെയും പ്രദേശവാസികളുടെയും ആവശ്യം.

....................................

ഞാലിക്കണ്ടം - മടുക്കോലി റോഡ് ഉന്നതനിലവാരത്തിൽ നവീകരണം പൂർത്തിയായതോടെ ചെറിയ വാഹനങ്ങൾ ഉൾപ്പെടെ അമിത വേഗത്തിൽ പ്രധാന റോഡിലേക്ക് കടക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നു. വേഗനിയന്ത്രണ സംവിധാനവും സൂചനാ ബോർഡുകളും സ്ഥാപിച്ചാൽ ഒരു പരിധിവരെ അപകടങ്ങൾ നിയന്ത്രിക്കാനാകും.

അനിൽകുമാർ

(പ്രദേശവാസി)

.............................

ഒരു വർഷത്തിനിടെ 19 അപകടങ്ങൾ

വേഗ നിയന്ത്രണ സംവിധാനമില്ല

......................................

അപകടങ്ങൾക്ക് കാരണം

കുന്നന്താനം, കല്ലൂപ്പാറ എന്നിവിടങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ ജംഗ്ഷനിൽ എത്തിയാൽ മാത്രമേ നേർക്കുനേർ കാണുവാൻ കഴിയുകയുള്ളൂവെന്നതാണ് അപകടങ്ങൾക്ക് മുഖ്യകാരണം. വാഹനങ്ങളുടെ അമിതവേഗവും അപകടത്തിന് കാരണമാകുന്നുണ്ട് .