
ശബരിമല: മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശബരിമലയിലെ ആദ്യ കളഭാഭിഷേകം ഭക്തർക്ക് പുണ്യദർശനമായി. ഉഷഃപൂജയും നെയ്യഭിഷേകവും കലശാഭിഷേകവും പൂർത്തിയാക്കിയ ശേഷമായിരുന്നു കളഭാഭിഷേകം. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമ്മികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ കളഭകലശം പൂജിച്ചു. തുടർന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കളഭകുംഭവുമായി മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി ശ്രീകോവിലിന് പ്രദക്ഷിണം വച്ച ശേഷം ശ്രീലകത്തേക്ക് എത്തിച്ചായിരുന്നു കളഭാഭിഷേകം. ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി.നാഥ് എന്നിവർ സന്നിഹിതരായിരുന്നു.
ഐ.പി.എസ്
ഉദ്യോഗസ്ഥർക്ക്
ഗ്രേഡ് കയറ്റം
തിരുവനന്തപുരം: 2016 ബാച്ചിലെ 13 ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകി. ഇവർക്ക് 78800- 209200 സ്കെയിൽ പ്രകാരം വേതനം ലഭിക്കും. സ്ഥാനക്കയറ്റം ലഭിച്ചവർ ഇവരാണ്- സ്വപ്നിൽ മഹാജൻ- എൻ.ഐ.എ, ആർ. വിശ്വനാഥ്- മലപ്പുറം എസ്.പി, വൈഭവ് സക്സേന- എറണാകുളം റൂറൽ എസ്.പി, അരവിന്ദ് സുകുമാർ- ഹൈദരാബാദ് പൊലീസ് അക്കാഡമി, ആർ. ആനന്ദ്- പാലക്കാട് എസ്.പി, ഡി ശിൽപ്പ- കാസർകോട് എസ്.പി, കെ.എസ് ഗോപകുമാർ- എക്സൈസ് അഡി. കമ്മിഷണർ, പി.ബിജോയ്- പ്രിൻസിപ്പൽ, പൊലീസ് ട്രെയിനിംഗ് കോളേജ്, പ്രശാന്തൻ കാണി- കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ, കെ.എം. സാബുമാത്യു- കൊല്ലം റൂറൽ എസ്.പി, കെ.എസ് സുദർശൻ- കൊച്ചി സിറ്റി ഡിസിപി, ഷാജി സുഗുണൻ- വനിതാ കമ്മിഷൻ ഡയറക്ടർ, വി.അജിത്ത്- എ.ഐ.ജി ക്രമസമാധാനം.
ഡിസംബറിലെ റേഷൻ വിതരണം രണ്ടു വരെ നീട്ടി
തിരുവനന്തപുരം: ഡിസംബറിലെ റേഷൻ വിതരണം ജനുവരി രണ്ടു വരെ നീട്ടിയതായി ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡിസംബറിലെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചുവെന്നും രണ്ടു മുതൽ ജനുവരിയിലെ റേഷൻ വിതരണം ആരംഭിക്കുമെന്നും കാണിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സിവിൽ സപ്ലൈസ് വകുപ്പ് അറിയിപ്പ് പോസ്റ്റ് ചെയ്തതിനു ശേഷമാണ് തീരുമാനത്തിൽ മാറ്റം ഉണ്ടായത്.
സ്വർണം: ഇന്നുമുതൽ ഇ- വേ ബിൽ നിർബന്ധം
തിരുവനന്തപുരം: 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണത്തിന്റെയും, മറ്റ് വിലയേറിയ രത്നങ്ങളുടെയും കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന് ഇ -വേ ബിൽ നിർബന്ധമാക്കിയതായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.
വൈദ്യുതി സർചാർജ്ജ്
19 പൈസ ഈടാക്കും
തിരുവനന്തപുരം: പുറമെ നിന്ന് അധികവിലയ്ക്ക് വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട നഷ്ടം നികത്തുന്നതിനായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയും കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും ഉൾപ്പെടെ യൂണിറ്റിന് വൈദ്യുതി ബില്ലിനൊപ്പം 19 പൈസ നിരക്കിൽ സർചാർജ്ജ് ഈടാക്കും.ജനുവരി ഒന്നുമുതൽ ഒരുമാസത്തേക്കാണ് അധിക തുക ഈടാക്കുന്നത്.
പത്രപ്രവർത്തക യൂണിയന്
എതിരായ കേസ് ഫാസിസം
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകന്റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ സമരം ചെയ്ത പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾക്കെതിരായ കേസ് ജനാധിപത്യ വിരുദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.
വാർത്ത എഴുതുന്നത് തടയാനുള്ള പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കേണ്ടത് മാദ്ധ്യമപ്രവർത്തകരുടെ ധാർമ്മിക ഉത്തരവാദിത്വമാണ്. അതിന്റെ പേരിൽ കേസെടുക്കുന്നത് ഫാസിസ്റ്റ് നടപടിയാണ്. അനുമതിക്ക് അപേക്ഷ സമർപ്പിച്ച ശേഷമാണ് സമരം നടത്തിയത്. പ്രകോപനമോ വഴി തടയാനുള്ള ശ്രമങ്ങളോ ഉണ്ടായിട്ടുമില്ല. പൊലീസ് നടപടി അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജിയപിക്കും യൂണിയൻ നിവേദനം നൽകി.