junction-

കോന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കലഞ്ഞൂർ ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് ഇല്ലാത്തത് മൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നു. സംസ്ഥാനപാത വികസനം പൂർത്തിയായിയായ ശേഷം കോന്നി റീച്ചിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചെങ്കിലും കലഞ്ഞൂർ ജംഗ്ഷനിലും സമീപ ജംഗ്ഷനുകളിലും ഇതുവരെയും വെയിറ്റിംഗ് ഷെഡുകൾ സ്ഥാപിച്ചിട്ടില്ല.

പത്തനാപുരം ഭാഗത്തേക്കും പത്തനംതിട്ട ഭാഗത്തേക്കും പോകുന്ന യാത്രക്കാർ റോഡിന് ഇരുവശത്തുമുള്ള കടകളുടെ വരാന്തകളിലാണ് ബസ് കാത്തുനിൽക്കുന്നത്. കലഞ്ഞൂർ ജംഗ്ഷനിലും ആൽത്തറ ജംഗ്ഷനിലും ഗവ: ഹയർസെക്കൻഡറി സ്കൂൾ ജംഗ്ഷനിലും വെയിറ്റിംഗ് ഷെഡുകൾ ഇല്ല. പ്രദേശത്തെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് ബുദ്ധിമുട്ടുന്നത്.

പാടം, മാങ്കോട്, തിടി, രാജഗിരി, അതിരുങ്കൽ തുടങ്ങിയ മലയോര മേഖലകളിലെ ജനങ്ങൾ പതിവായി എത്തുന്ന ജംഗ്ഷനാണിത്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് എന്നിവിടങ്ങളിലേക്ക് വരുന്നവരും കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ എത്തുന്നവരും വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്നുണ്ട്. വേനൽക്കാലത്ത് കനത്ത ചൂട് മൂലം റോഡരികിലും കടവരാന്തകളിലും നിൽക്കുന്ന പ്രായമായ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. മഴക്കാലത്ത് യാത്രക്കാർക്ക് കയറിനിൽക്കാൻ കടവരാന്തകൾ അല്ലാതെ മറ്റു സൗകര്യങ്ങളില്ല. പകൽ മുഴുവൻ നിരവധി യാത്രക്കാരാണ് കലഞ്ഞൂർ ജംഗ്ഷനിൽ റോഡിന് ഇരുവശവും ബസുകൾ കാത്തുനിൽക്കുന്നത്. ഇവിടെ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുവാൻ ബന്ധപ്പെട്ടവർ നടപടിസ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

------------------------

കലഞ്ഞൂർ ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് ഇല്ലാത്തത് മൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നു. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

സലിം ഇലവുന്താനം ( പ്രദേശവാസി )