mala

ശബരിമല : തിരക്ക് നിയന്ത്രണം പാളി​യതോടെ ഇന്നലെ ദർശനത്തി​ന് എത്തി​യ തീർത്ഥാടകർ വലഞ്ഞു. മരക്കൂട്ടം മുതൽ വലിയ നടപ്പന്തൽ വരെയുള്ള ഭാഗത്ത് ക്യൂവിൽ നിന്നവരാണ് ഏറെ വലഞ്ഞത്. മരക്കൂട്ടം മുതൽ ശരംകുത്തി വരെ കയറ്റവും ഇവിടെ നിന്ന് വലിയ നടപ്പന്തൽ വരെ കുത്തിറക്കവുമാണ്. ഈ ഭാഗത്ത് ക്യൂവിൽ നിൽക്കേണ്ടിവരുന്നത് ആയാസകരമാണ്. ഇന്നലെ എട്ട് മണിക്കൂറിലധികം ഈ ഭാഗത്ത് തീർത്ഥാടകർക്ക് ക്യൂ നിൽക്കേണ്ടി വന്നു. തിരക്കിൽ അമർന്ന് പ്രായമായവരും കുട്ടികളും ബുദ്ധിമുട്ടി. ക്യൂവിൽ നിന്ന് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും തീർത്ഥാടകരെ പുറത്തിറക്കിയില്ല.

ഈ ഭാഗത്ത് കുടിവെള്ളവും ലഘു ഭക്ഷണവും വിതരണം ചെയ്യാതിരുന്നതും സ്ഥിതി കൂടുതൽ ദുരിതപൂർണമാക്കി. സാധാരണ ആംബുലൻസ് കടന്നുപോകുന്ന പാത ഒഴിച്ചിട്ടാണ് തീർത്ഥാടകരെ ക്യൂ നിറുത്തുന്നത്. ഇന്നലെ ഈ ഭാഗത്തും തീർത്ഥാടകരെ ചേർത്തുനിറുത്തി. സന്നിധാനത്ത് ചുമതലയേറ്റ പുതിയ ബാച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ പരിചയക്കുറവാണ് തിരക്ക് നിയന്ത്രണം പാളാൻ കാരണം. ഒരു മിനുട്ടിൽ 80 മുതൽ 90 വരെ തീർത്ഥാടകർ പതിനെട്ടാംപടി കയറേണ്ടപ്പോൾ 50ൽ താഴെ ഭക്തരാണ് പടി കയറിയത്. ഇതോടെ ഭക്തരുടെ നീണ്ടനിര മരക്കൂട്ടം വരെ നീളുകയായിരുന്നു. തുടർന്ന് ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ ഇടപെട്ടു. എ.ഡി.ജി.പി എസ്.അജിത്കുമാർ സ്ഥലത്തെത്തി പതിനെട്ടാംപടിയിലൂടെ തീർത്ഥാടകരെ വേഗത്തിൽ കയറ്റിവിടാൻ നിർദ്ദേശം നൽകി. ഇന്നലെ ദർശന സമയം അരമണിക്കൂർ വർദ്ധിപ്പിച്ചെങ്കിലും രാത്രി വൈകിയും തിരക്ക് നിയന്ത്രിക്കാനായില്ല.