
പന്തളം : മാവര പാടശേഖരത്തിലെ 15 ഹെക്ടർ നിലം പുഞ്ച കൃഷിക്കായി ഒരുങ്ങി. ഉമ, പൗർണമി ഇനങ്ങളിൽപ്പെട്ട വിത്തുകളാണ് വിതച്ചത്. ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിത്ത്, കുമ്മായം,കൂലി ചെലവ് സബ്‌സിഡി എന്നിവ കർഷകർക്ക് നൽകും. നെല്ല് സപ്ലൈകോയ്ക്ക് നൽകുന്നതിന് പുറമെ തട്ട ബ്രാൻഡ് മാവര റൈസ്, മാവര പുട്ടുപൊടി, ഇടിയപ്പം പൊടി ,പായസം നുറുക്ക് എന്നിവ മാവര കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ വിപണിയിൽ എത്തിക്കും. വിത ഉത്സവത്തിന്റെ ഉദ്ഘാടനം പെരുമ്പുളിക്കൽ വാർഡ് മെമ്പർ എ.കെ.സുരേഷിന്റെ അദ്ധ്യക്ഷതയിൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ് നിർവഹിച്ചു.