nnn
നിർമ്മാണം സ്തംഭിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി

ഓയൂർ : നാട്ടുകാർ പിരിവെടുത്ത് ഭൂമി വാങ്ങി നൽകിയിട്ടും ടേക്ക് എ ബ്രേക്ക് പദ്ധതി തുടങ്ങിയ സ്ഥലത്ത് തന്നെ. ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം ആസൂത്രണം ചെയ്‌ത വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണമാണ് എങ്ങുമെത്താത്തത്. പെരപ്പയം പാലം, പോരേടം ഭാഗത്ത് വെളിനെല്ലൂർ പഞ്ചായത്തിന്റെ ഒമ്പതാം വാർഡിൽ പണി തുടങ്ങിയ 'ടേക്ക് എ ബ്രേക്ക് ' വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണമാണ് അനിശ്ചിതത്വത്തിലാകുന്നത്.

പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനാകാതെ ടൂറിസ്‌റ്റുകൾ

തിരുവനന്തപുരം -കൊല്ലം ജില്ലകളുടെ അതിർത്തിയിൽ ടൂറിസം സാദ്ധ്യതയുള്ള ഭാഗത്താണ് ശുചിത്വ മിഷനും പഞ്ചായത്തും ചേർന്ന് പദ്ധതി ആസുത്രണം ചെയ്‌തിരിക്കുന്നത്.ഇളമാട്, വെളിനെല്ലൂർ, ചടയമംഗലം പഞ്ചായത്തുകളുടെ വിവിധ ടൂറിസം പദ്ധതികളുടെ വലയത്തിലുള്ള പ്രദേശമായതിനാൽ ഇവിടെ എത്തുന്ന തദ്ദേശീയ - വിദേശീയ ടൂറിസ്‌റ്റുകളാണ് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുന്നത്. വഴിയോര യാത്രക്കാർക്ക് വിശ്രമ കേന്ദ്രവും ടോയ്‌ലറ്റ് കോംപ്ലക്‌സുമുൾപ്പെട്ട പദ്ധതിക്ക് ശില പാകി ആറ് മാസത്തോളമാകുമ്പോഴും പുരോഗതിയില്ല.

വെളിനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മുൻകൈയ്യെടുത്തത് കൊണ്ട് മാത്രം നടപ്പിലായ പദ്ധതിയാണ്. പക്ഷെ കരാറുകാരൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്നില്ല. വൻ ടൂറിസം സാദ്ധ്യതയുള്ള പ്രദേശമാണ്.

കെ.പി.സുന്ദരേശൻ

എസ്.എൻ.ഡി.പി യോഗം 2650ം നമ്പർ

ആക്കൽ ശാഖ പ്രസിഡന്റ്

പണി തുടങ്ങിയ ഭാഗത്ത് അപ്രതീക്ഷിതമായി പാറ കണ്ടെത്തിയതോടെ മനുഷ്യ വിഭവവും യന്ത്ര സാമഗ്രികളുടെ ഉപയോഗവും കൂടുതലായി വേണ്ടി വന്നു. ഇതോടെ കരാർ തുകയിൽ പണി പൂർത്തിയാകില്ല എന്ന നിലപാട് കോൺട്രാക്‌ടർ സ്വീകരിച്ചതോടെ പദ്ധതി താത്കാലികമായി പ്രതിസന്ധിയിലായെങ്കിലും പഞ്ചായത്ത് ഇടപെട്ട് നിർമ്മാണം പുനരാരംഭിച്ചു. സമയബന്ധിതമായി പണി തീർക്കും.

റീന

വാർഡ് മെമ്പർ

നിർമ്മാണ സാമഗ്രികളുമായി മഴ സീസണിൽ ലോറികൾക്ക് താഴ്‌ച്ചയിലേക്ക് ഇറങ്ങാൻ കഴിയുന്നില്ല. അതിനാൽ പ്രതികൂല കാലാവസ്ഥയിൽ പണി വൈകി. ഡിസംബറിൽ സമയബന്ധിതമായി പണി പൂർത്തിയാക്കും.

അ‌ഡ്വ.അൻസർ

വെളിനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്