കൊല്ലം: വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. ക്ഷാമ ബത്ത കുടിശ്ശിക അടിയന്തിരമായി നൽകുക.സഹകരണ മേഖലയെ തകർക്കുന്ന പുതിയ ക്ലാസിഫിക്കേഷൻ നടപടികൾ പുനഃപരിശോധിക്കുക. ജീവനക്കാരുടെ പ്രൊമോഷൻ സാദ്ധ്യത ഇല്ലാതാക്കുന്ന ചട്ട ഭേദഗതി പിൻവലിക്കുക. കേരള ബാങ്കിന്റെ പ്രാഥമിക സഹകരണ ബാങ്കിനെ ദോഷകരമായി ബാധിക്കുന്ന പലിശ വർദ്ധനയും നിയമനങ്ങളുടെ സംവരണ വ്യവസ്ഥയും പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

പ്രാരംഭ സമരപരിപാടി എന്ന നിലയിൽ ഡിസംബർ 5ന് കരിദിനം ആചരിക്കും. തുടർന്ന് കേരള ബാങ്ക് ഹെഡ് ഓഫീസിനു മുന്നിലും, രജിസ്ട്രാർ ഓഫീസിലും, സെക്രട്ടറിയേറ്റ് നടയിലും സമരപരിപാടികൾ ആരംഭിക്കും. സംഘടനാ ഭാരവാഹികളായ കൊയിപ്പള്ളി മാധവൻകുട്ടി, ആമ്പക്കാട്ട് സുരേഷ്, എസ്.ആർ.ഹാരിസ്, രഘു പാണ്ഡവപുരം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.